തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച എംഎൽഎ എ സി മൊയ്തീൻ നാളെയും ഹാജരാകില്ല. ഓണം അവധി കാരണം രേഖകൾ ലഭിച്ചില്ലെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാക്കാതിരിക്കുന്നതിന് എംഎൽഎ പറയുന്ന ന്യായം. എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് എസി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാത്തത് എന്നാണ് ആരോപണമുയരുന്നത്.
എസി മൊയ്തീന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഗസ്റ്റ് 31ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ എ സി മൊയ്തീന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്ന് അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാണ് എസി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നത്.
വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം ഇഡി എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. എംഎൽഎയുടെ 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചിരുന്നത്. അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. എ സി മൊയ്തീൻ്റെ ബിനാമിയെന്ന് പറയപ്പെടുന്ന അനിൽ സേഠ്, ബാങ്കിന്റെ മുൻ മാനേജർ ബിജു കരീം, ഇടനിലക്കാരനായ പി പി കിരൺ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് എസി മൊയ്തീന് എതിരായുള്ള ചില സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
Discussion about this post