പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ ഇന്ന് നേരിൽ കാണുക എന്ന ലക്ഷ്യത്തിലാണ് സ്ഥാനാർത്ഥികൾ. നാളെ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ആരംഭിക്കും. ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ലിജിൻ ലാൽ ഉൾപ്പെടെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. 957 പുതിയ വോട്ടർമാരുമുണ്ട്. 182 പോളിംഗ് ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് അവസാനിക്കുന്നതു വരെ ബൂത്തുകളിലെ നടപടികൾ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ തത്സമയം കാണാൻ സാധിക്കും. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും വേതനത്തോടുകൂടിയ അവധിയായിരിക്കും. മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post