ഗുരുവായൂർ: ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിവസം ഭഗവാന് സമർപ്പിക്കാനുള്ള പൊന്നിൻ കിരീടത്തിന്റെ നിർമ്മാണം പൂർത്തിയായി. പിറന്നാൾ ദിവസമാണ് സ്വർണ്ണക്കിരീടം സമ്മാനിക്കുക. കോയമ്പത്തൂരിൽ സ്വർണാഭരണ നിർമ്മാണ രംഗത്തുള്ള തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി.രാജേഷ് ആചാരിയാണ് കിരീടം സമർപ്പിക്കുന്നത്. എട്ട് ഇഞ്ച് ഉയരവും, 38 പവൻ തൂക്കവുമുള്ള കിരീടമാണിത്.
അഞ്ചു മാസം മുൻപാണ് കിരീട നിർമ്മാണത്തിന്റെ പണികൾ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ കിരീടം നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തി തന്ത്രിക്ക് കിരീടം കൈമാറാനാണ് തീരുമാനം. അഷ്ടമിരോഹിണി ദിവസം നിർമ്മാല്യത്തിന് ശേഷം ഭഗവാനെ കിരീടം അണിയിക്കും. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യ ദുർഗ 32 പവനുള്ള സ്വർണ്ണക്കിരീടം ഭഗവാന് സമർപ്പിച്ചിരുന്നു.
Discussion about this post