തിരുവനന്തപുരം : എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായെടുത്ത കേസ് പിൻവലിക്കും. ഗണപതി വെറും മിത്ത് ആണെന്ന് സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് നാമജപഘോഷയാത്ര നടത്തിയത്. കന്റോൺമെന്റ് പൊലീസിന് ലഭിച്ച നിയമോപദേശത്തെ തുടർന്നാണ് കേസ് പിൻവലിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറാണ് പോലീസിന് നിയമോപദേശം നൽകിയത്.
നാമജപ ഘോഷയാത്രയിൽ അക്രമസംഭവങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലാത്തതിനാൽ കോടതിയിൽ കേസ് വിപരീത ഫലം ഉണ്ടാക്കും എന്നുള്ളതിനാലാണ് പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാനായി നിയമോപദേശം നൽകിയത്. നാമജപ ഘോഷയാത്രക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര നടന്നത്. തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയായി കൻ്റോൺമെൻറ് പൊലീസ് കേസെടുക്കുകയായിരുന്നു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്.
പോലീസിന്റെ അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, ഗതാഗതതടസം സൃഷ്ടിച്ചു എന്നിങ്ങനെയായിരുന്നു എഫ്ഐആറിൽ പരാമർശിച്ചിരുന്ന കുറ്റകൃത്യങ്ങൾ. എന്നാൽ നാമജപ ഘോഷയാത്രയെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോർട്ട് പൊലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.
Discussion about this post