ശരീരത്തിലെത്തിയാൽ ഒരിക്കലും ഉന്മൂലനം ചെയ്യാൻ കഴിയാത്ത ഒരു പരാന്നജീവിയാണ് ടോക്സോപ്ലാസ്മ പാരസൈറ്റ്സ്. മനുഷ്യരിൽ ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങൾ തൊട്ട് കാഴ്ച തകരാറുകൾ വരെയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഈ പാരസൈറ്റിന് കഴിയും. ഈ പാരസൈറ്റിനെതിരെ പ്രതിരോധശേഷി നല്കുന്ന യാതൊരുവിധ മരുന്നുകളും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ ചില പുതിയ പഠനഫലങ്ങൾ പറയുന്നത് പൂച്ചകൾ വഴിയാണ് മനുഷ്യരിലേക്ക് ടോക്സോപ്ലാസ്മ പാരസൈറ്റ്സ് പകരുന്നത് എന്നാണ്.
പൂച്ചകളുടെ മലത്തിലൂടെ ആണ് ഈ പാരസൈറ്റുകൾ പുറന്തള്ളപ്പെടുന്നത്. പൂച്ചകളുടെ കുടൽ കോശങ്ങളിൽ മാത്രം പുനരുല്പാദനം നടത്താൻ കഴിയുന്ന പരാന്നജീവികളാണ് ഇവ. വായുവും വെള്ളവും വഴിയാണ് ഇവ മനുഷ്യരിലേക്കും മറ്റുജീവികളിലേക്കും എത്തുന്നത്.
ഒരിക്കൽ ഈ പാരസെറ്റ് ശരീരത്തിൽ എത്തിയാൽ ഒരാൾ ജീവിതകാലം മുഴുവൻ ഈ പാരസൈറ്റിനെ ശരീരത്തിൽ വഹിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ പാരസെറ്റ് കൂടുതലായി ബാധിക്കപ്പെടുന്നത്.
പൂച്ചകളുടെ മലത്തിൽ നിന്നും നേരിട്ടോ പൂച്ചകൾ സമ്പർക്കം പുലർത്തിയ ജലത്തിലൂടെയോ അല്ലെങ്കിൽ ഈ പാരസൈറ്റ് ബാധയുള്ള മറ്റു മൃഗങ്ങളുടെ മാംസം കഴിക്കുന്നത് മൂലമോ ആണ് ഇവ മനുഷ്യ ശരീരത്തിൽ എത്തുന്നത്. നല്ല ആരോഗ്യവും പ്രതിരോധശേഷിയുമുള്ളവരിൽ ഈ അണുബാധ കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കില്ല എന്നതിനാൽ പലപ്പോഴും ഈ പാരസെറ്റ് ശരീരത്തിൽ എത്തിയത് നമ്മൾ അറിയുക തന്നെ ഇല്ല. എന്നാൽ രോഗപ്രതിരോധ ശേഷി കുറവ് ഉള്ളവരിലും ചെറിയ കുഞ്ഞുങ്ങളിലും ഈ പാരസൈറ്റ് ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
കണ്ണുകളുടെ റെറ്റിനയ്ക്കാണ് ടോക്സോപ്ലാസ്മ പാരസൈറ്റ്സ് പ്രധാനമായി പ്രശ്നമുണ്ടാക്കുന്നത്. മങ്ങിയ കാഴ്ചയോ കണ്ണ് വേദനയോ കണ്ണിൽ ചുവപ്പുനിറമോ ഈ അണുബാധയുടെ ഫലമായി ഉണ്ടാകാം. ചിലരിൽ ഈ പാരസൈറ്റ്സ് പ്രകടമായ കാഴ്ച വൈകല്യം പോലും ഉണ്ടാക്കാം.
മാംസാഹാരങ്ങൾ നന്നായി പാചകം ചെയ്ത് മാത്രം കഴിക്കുക , പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ് വൃത്തിയായി കഴുകുക , കൂടാതെ നദികളിൽ നിന്നോ അരുവികളിൽ നിന്നോ ഉള്ള ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, പൂച്ചകളെ പരിചരിക്കുമ്പോളും പൂച്ചയുടെ മാലിന്യങ്ങൾ മാറ്റുമ്പോഴും കയ്യുറകൾ ധരിക്കുക , അതിനുശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് ഈ പാരസൈറ്റുകളെ തടയാൻ കഴിയുന്നതാണെന്ന് പഠനങ്ങൾ പറയുന്നു.
Discussion about this post