ന്യൂഡൽഹി : 2023 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ 72 ലക്ഷത്തോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. വിദ്വേഷ പ്രസംഗങ്ങൾ, ദുരുപയോഗം, തട്ടിപ്പ് എന്നീ കുറ്റങ്ങൾ കണ്ടെത്തിയ അക്കൗണ്ടുകളാണ് നിരോധിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് വാട്സ്ആപ്പ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
പ്രശ്നക്കാരായ വാട്സ്ആപ്പ് അക്കൗണ്ടുകൾ കണ്ടെത്തുന്നതിനായി മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് ഉപയോഗിച്ചത്. സംശയാസ്പദമായ രീതിയിലുള്ള മെസ്സേജുകളോ കോളുകളോ ആരിൽ നിന്നെങ്കിലും ലഭിക്കുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് വാട്സ്ആപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകളും ഒപ്പം പ്രശ്നക്കാരെന്ന് AI കണ്ടെത്തിയ അക്കൗണ്ടുകളും ആണ് നിരോധിച്ചിട്ടുള്ളത്.
വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ നേരത്തെ യൂട്യൂബും സമാനമായ രീതിയിൽ ചില അക്കൗണ്ടുകളും നിരവധി വീഡിയോകളും നീക്കം ചെയ്തിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം, അക്രമം, വിദ്വേഷപ്രചരണങ്ങൾ എന്നീ കുറ്റങ്ങൾ കണ്ടെത്തിയതിനാൽ ഇന്ത്യയിൽ നിന്നുള്ള 19 ലക്ഷം വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തിരുന്നത്.
Discussion about this post