കൊൽക്കത്ത: മമത സർക്കാർ തുടർച്ചയായി അവഗണിച്ച റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ബംഗാളിലെ ബിജെപി വനിതാ എംഎൽഎ. ഷൽത്തോരയിൽ നിന്നുള്ള എംഎൽഎ ചന്ദന ബൗരിയാണ് നാട്ടുകാരുടെ ദീർഘകാല പ്രശ്‌നത്തിന് പരിഹാരം കണ്ടത്. റോഡ് പണിയിൽ ഏർപ്പെട്ട എംഎൽഎയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബൻകുര ജില്ലയിലെ രംഗമതി, രജമേല എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണിയാണ് എംഎൽഎ നിർവ്വഹിച്ചത്. ഏതാനും വർഷങ്ങളായി റോഡ് തകർന്ന് കിടക്കുകയാണ്. ഇതേ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഏറെതക്കുറേ നിലച്ചിരുന്നു. ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ നിരവധി തവണയാണ് പ്രദേശവാസികൾ അധികൃതരെ സമീപിച്ചത്. എന്നാൽ അധികൃതർ ആവശ്യം അവഗണിക്കുകയായിരുന്നു. അടുത്തിടെയും ഇവർ സമാന ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ പ്രദേശം ഉൾപ്പെടുന്ന മണ്ഡലത്തിൽ അധികാരമില്ലാത്തതിനാൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് എംഎൽഎ രംഗത്ത് എത്തിയത്.
ഭർത്താവ് ശ്രാവണിന്റെ സഹായത്തോടെയായിരുന്നു ചന്ദന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡ് നിർമ്മാണ തൊഴിലാളിയാണ് ശ്രാവൺ. സാരിയുടുത്ത് തലയിൽ കെട്ടുമായി പൊരിവെയിലത്തായിരുന്നു ചന്ദന റോഡ് പണിയിൽ ഏർപ്പെട്ടത്. അതേസമയം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമാണ് ചന്ദനയ്ക്ക് ലഭിക്കുന്നത്.
Discussion about this post