കൽപ്പറ്റ: വയനാട് കൽപ്പറ്റ ബിവറേജസിന് മുന്നിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം.
സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിഷാദ് ബാബുവിന്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവർക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കൽപ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. വീണ്ടും മദ്യം വാങ്ങുന്നതിന്റെ പേരിൽ 20 രൂപയെ ചൊല്ലി മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തൊട്ടുപിന്നാലെ, ശമീറും ഷരീഫും ചേർന്ന് നിഷാദിനെ മർദിക്കുകയായിരുന്നു. കല്ലുകൊണ്ട് ഇരുവരും നിഷാദിന്റെ തലയ്ക്കടിച്ചു. ശേഷം ഇവർ സ്ഥലം വിട്ടു. തുടർന്ന് അല്പസമയത്തിന് ശേഷം നിഷാദ് എഴുന്നേറ്റ് ബസിൽ കയറിയെങ്കിലും കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post