എറണാകുളം: ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിച്ചതിനെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിഷയത്തിലുള്ള നിലപാടും, പിന്തുണയും വ്യക്തമാക്കിയത്. ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിച്ചതിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ഇതിനിടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് രണ്ട് ഫേസ്ബുക്ക് പോസ്റ്റാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുള്ളത്. ‘ മേരാ ഭാരത് ‘ എന്നാണ് ആദ്യ പോസ്റ്റ്. ‘ കാത്തിരിക്കാൻ വയ്യ ‘ എന്ന് രണ്ടാമതായി കുറിച്ചിട്ടുണ്ട്. ദേശീയ ചാനൽ നൽകിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്ര തലവന്മാർക്കുള്ള ക്ഷണക്കത്തിൽ ഇന്ത്യൻ രാഷ്ട്രപതി എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതായിരുന്നു ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ആദ്യമായിട്ടാണ് ഔദ്യോഗിക രേഖകളിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.










