തൃശൂർ: പതിവ് തെറ്റിക്കാതെ ജസ്‌ന ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്‌ന സലീം. വിശേഷ ദിവസം കണ്ണനുള്ള ഗിഫ്റ്റ് ആയാണ് താൻ എത്തിയിരിക്കുന്നതെന്ന് ജസ്‌ന പ്രതികരിച്ചു.
ജസ്‌ന സ്ഥിരമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ മാത്രമാണ് വരയ്ക്കാറുള്ളത്. ഈ വർഷം ആദ്യം കണ്ണന്റെ 101 ചിത്രങ്ങൾ ജസ്‌ന ഗുരുവായൂർ ക്ഷേത്രത്തിന് സമർപ്പിച്ചിരുന്നു.
താമരശ്ശേരിയിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ ജനിച്ച ജസ്ന ആദ്യം കൗതുകത്തിനായിരുന്നു ഉണ്ണിക്കണ്ണനെ വരച്ചുതുടങ്ങിയത്. വിവാഹം കഴിഞ്ഞ് കൊയിലാണ്ടിയിൽ എത്തിയ ജസ്നയ്ക്ക് ഭർത്താവ് സലീം ഒരു കൃഷ്ണ ചിത്രം കാണിച്ചുകൊടുത്തിരുന്നു. അന്നേ ജസ്‌ന കൃഷ്ണ ചിത്രത്തിൽ ആകൃഷ്ടയായി.പിന്നീട് പത്രത്തിൽ വന്ന ഒരു ചിത്രം നോക്കി വരച്ചു. തുടക്കത്തിൽ കുടുംബത്തിൽ നിന്ന് നിരവധി എതിർപ്പുകൾ നേരിട്ടെങ്കിലും അതിനെ ഒന്നും വകവയ്ക്കാതെ ജസ്ന തൻറെ ചിത്രം വര തുടരുകയായിരുന്നു. നിരവധി പേർക്ക് ചിത്രങ്ങൾ വരച്ചുനൽകിയ ജസ്നയ്ക്ക് ഇന്ന് ഇതൊരു ജീവിത മാർഗം കൂടിയാണ്
Discussion about this post