ജയ്പൂർ: ഭാരത് മാതാ കീ ജയ് വിളിക്കുന്നതിൽ നിന്നും അണികളെ വിലക്കിയ കോൺഗ്രസ് വനിതാ നേതാവിന്റെ പ്രവൃത്തി വിവാദത്തിൽ. രാജസ്ഥാനിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക കൂടിയായ അരാധന മിശ്രയാണ് വിവാദത്തിലായത്. സ്ഥാനാർത്ഥിയെച്ചൊല്ലി ഉണ്ടായ തർക്കത്തിനും സംഘർഷത്തിനുമിടയ്ക്ക് ഭാരത് മാതാ കീ ജയ് വിളിച്ച പ്രവർത്തകരോട് അങ്ങനെ വിളിക്കരുതെന്ന് ആയിരുന്നു ആരാധന മിശ്രയുടെ ഉപദേശം. വേണമെങ്കിൽ കോൺഗ്രസ് സിന്ദാബാദ് വിളിക്കാനും ഇവർ ആവശ്യപ്പെട്ടു.
സംഭവം പുറത്തുവന്നതോടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഉയർന്നത്. ആദർശ് നഗർ ബ്ലോക്കിലെ കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലായിരുന്നു സംഭവം. ജയ്പൂർ യൂണിറ്റ് പ്രസിഡന്റ് ആർ ആർ തിവാരിയും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ സ്ഥാനാർത്ഥിയെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.
ഇതിനിടെ ഒരു സ്ഥാനാർത്ഥിക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കരുതെന്ന് ആരാധന മിശ്ര നിർദ്ദേശിച്ചു. തുടർന്നാണ് ഒരു കൂട്ടം പ്രവർത്തകർ ഭാരത് മാതാ കീ ജയ് വിളിച്ചത്. ഇതോടെ ക്ഷുഭിതയായ മിശ്ര അങ്ങനെ വിളിക്കരുതെന്നും മുദ്രാവാക്യം വിളിക്കണമെങ്കിൽ കോൺഗ്രസ് സിന്ദാബാദ് വിളിക്കാനുമായി ഉപദേശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം സംഭവം വിവാദമായതോടെ കോൺഗ്രസും വിശദീകരണവുമായി രംഗത്തെത്തി. ഭാരത് മാതാ കീ ജയ് വിളിക്കുന്നതിൽ നിന്ന് അനുരാധാ മിശ്ര ആരെയും തടയുന്നില്ലെന്ന് കോൺഗ്രസ് വക്താവ് സ്വർണിം ചതുർവേദി വിശദീകരിച്ചു. എഐസിസി നിരീക്ഷകയെന്ന നിലയിൽ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതിനെയാണ് താൻ എതിർത്തതെന്നും പാർട്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും അനുരാധ മിശ്രയും വിശദീകരിച്ചു. എന്നാൽ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ വിലക്കിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല.
കോൺഗ്രസിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ഉൾപ്പെടെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. കോൺഗ്രസിന് രാജ്യത്തോടും ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ബഹുമാനമില്ല. അവർ എന്തിനാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തെ വെറുക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും ചോദിച്ചു. ഒരു കുടുംബത്തിനെ മഹത്വവൽക്കരിക്കാൻ മാത്രമാണ് കോൺഗ്രസിന് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അപമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ സ്വഭാവമാണെന്ന വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
Discussion about this post