തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ദിനം. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി കേരളത്തിൽ നിന്നും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. യെല്ലോ അലർട്ടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിലും കനത്ത മഴ ലഭിക്കും. ഈ സാഹചര്യത്തിൽ മലയോര മേഖലകളിലുള്ളവരും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് പുലർച്ചെ മുതൽ തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ ലഭിക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളിലും മഴ തുടരും. നിലവിൽ വടക്കൻ കേരളത്തിൽ മഴ കുറവാണ്. ഞായറാഴ്ചയോടെ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് തൊഴിലാളികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കടൽ തീരത്ത് താമസക്കുന്നവരോട് ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
യെല്ലോ അലർട്ടുള്ള ജില്ലകൾ
08-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
09-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
10-09-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Discussion about this post