കോഴിക്കോട് : സ്കൂളിലെ പാചകപ്പുരയിൽ നിന്നും വിഷപ്പാമ്പിനെ പിടികൂടി. കോഴിക്കോട് മുക്കത്താണ് സംഭവം. രാവിലെ 9 മണിയോടുകൂടിയാണ് മുക്കം ഹൈസ്കൂളിലെ പാചകപ്പുരയിൽ പാമ്പിനെ കണ്ടെത്തിയത്. സ്കൂൾ പരിസരം കാടുകയറി കിടക്കുന്നതിനാൽ ആണ് ഇത്തരത്തിൽ വിഷപ്പാമ്പിനെ കണ്ടെത്തിയതെന്ന് വിമർശനം ഉയരുന്നുണ്ട്.
സ്കൂളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യാനായി എത്തിയ സ്ത്രീയായിരുന്നു പാചകപ്പുരയിൽ പാമ്പിനെ കണ്ടത്. പാചകപ്പുരയിൽ ഉപയോഗിച്ചിരുന്ന ഒരു തുണിക്ക് അടിയിലായി ചുരുണ്ടു കിടക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പിന് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
ഈ സ്കൂളിന് തൊട്ടടുത്തുള്ള മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെയും കുഞ്ഞിനെയും പിടികൂടിയിരുന്നു. മുക്കം ഹൈ സ്കൂളും പരിസരവും അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പും വളരെയേറെ കാടുകയറിയ അവസ്ഥയിലാണുള്ളത്. അതിനാൽ തന്നെ സ്കൂൾ പരിസരത്ത് ഇനിയും പാമ്പുകളെ കണ്ടെത്താം എന്നുള്ള ഭയത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമുള്ളത്.
Discussion about this post