കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. 20 മേശകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനായി 14 മേശകളും തപാൽ വോട്ടുകൾ എണ്ണുന്നതിനായി അഞ്ച് മേശകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഒരു മേശയിൽ സർവ്വീസ് വോട്ടുകളും എണ്ണും.
13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന ലഭിക്കും. അതിന് ശേഷം അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണും.
ഇക്കുറി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 2021നെ അപേക്ഷിച്ച് 1.98 ശതമാനം കുറവ് പോളിംഗ് ആണ് ഇത്തവണ പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയത്.
Discussion about this post