പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടണ്ണെൽ ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഒൻപതരയോടെ ആദ്യ ഫലസൂചനകൾ ലഭിക്കുമെന്നാണ് വിവരം. എട്ടരയോടെയാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പോളിംഗ് ആണ് ഇക്കുറി രേഖപ്പെടുത്തിയത്.
20 മേശകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനായി 14 മേശകളും തപാൽ വോട്ടുകൾ എണ്ണുന്നതിനായി അഞ്ച് മേശകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഒരു മേശയിൽ സർവ്വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന ലഭിക്കും. അതിന് ശേഷം അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണും.
1970 മുതൽ തുടർച്ചയായി 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻചാണ്ടിയാണ്. ഉമ്മൻചാണ്ടിക്ക് ലഭിച്ച പിന്തുണ ചാണ്ടി ഉമ്മനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് നേരത്തെ രണ്ട് തവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ലിജിൻ ലാൽ ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥി.
Discussion about this post