അഗർത്തല: ത്രിപുരയിൽ ഇൻഡിയ സഖ്യത്തിനെ തകർത്ത് തരിപ്പണമാക്കി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. ബോക്സാനഗറിലും ധൻപൂരിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന ഇരു മണ്ഡലങ്ങളിലെയും ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഇൻഡിയ സഖ്യത്തെയും സിപിഎമ്മിനെയും പടിക്ക് പുറത്താക്കുകയായിരുന്നു.
ബിജെപിക്കെതിരെ ഒരുമിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കപ്പെട്ട ത്രിപുരയിൽ പരമ ദയനീയമായിരുന്നു ഇൻഡിയ സഖ്യത്തിന്റെ അവസ്ഥ. സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ പോലും ബിജെപി നടത്തിയ അശ്വമേധത്തിന് മുന്നിൽ നാണം കെട്ട് നാമാവശേഷമാകാനായിരുന്നു ഇൻഡിയ മുന്നണിയുടെ നിയോഗം.
മുസ്ലീം സമുദായത്തിനിടയിൽ ശക്തമായ വ്യക്തി പ്രഭാവമുള്ള നേതാവാണ് ബിജെപിയുടെ തൊഫാജൽ ഹുസൈൻ. ത്രിപുരയിലെ ജനങ്ങൾ സിപിഎമ്മിനെ എത്രമേൽ വെറുക്കുന്നു എന്നതിന്റെ നേർക്കാഴ്ചയായി ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ച മൃഗീയ ഭൂരിപക്ഷം.
ബോക്സാനഗറിൽ ബിജെപി സ്ഥാനാർത്ഥിയായ തൊഫാജൽ ഹുസൈന് ലഭിച്ചത് 34,146 വോട്ടുകളാണ്. മൂവായിരത്തോളം വോട്ടുകൾ മാത്രമാണ് തൊട്ടടുത്ത എതിരാളിയും അന്തരിച്ച സിപിഎം എം എൽ എ സംസുൾ ഹഖിന്റെ മകനുമായ സിപിഎം സ്ഥാനാർത്ഥി മീസാൻ ഹുസൈന് ലഭിച്ചത്. 30,237 വോട്ടുകളാണ് ബിജെപിയുടെ ഭൂരിപക്ഷം. മണ്ഡലത്തിലെ 90 ശതമാനം വോട്ടർമാരും സെപ്റ്റംബർ 5ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.
വോട്ടർമാരിൽ ഏറെയും മുസ്ലീങ്ങളാണ് എന്നതാണ് ബോക്സാനഗറിന്റെ പ്രത്യേകത. പരമ്പരാഗതമായി സിപിഎമ്മിനെയും കോൺഗ്രസിനെയും പിന്തുണച്ചിരുന്ന മണ്ഡലം ബിജെപിക്ക് റെക്കോർഡ് വിജയം നൽകിയത് ഇൻഡിയ മുന്നണി എന്ന അവസരവാദ സഖ്യത്തിനുള്ള കനത്ത തിരിച്ചടിയാണ് എന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.
കാൽ നൂറ്റാണ്ടുകാലം സിപിഎമ്മിന്റെ രാവണൻ കോട്ടയായിരുന്ന ധൻപൂരിലും തകർപ്പൻ വിജയമാണ് ബിജെപി നേടിയത്. സിപിഎം സ്ഥാനാർത്ഥി കൗശിക് ചന്ദക്കെതിരെ 18,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബ്നാഥ് വിജയിച്ചത്. ഇതും മുസ്ലീങ്ങൾക്കും ഗോത്ര വിഭാഗങ്ങൾക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. ധൻപൂരിൽ ചരിത്രത്തിലാദ്യമായി 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ചാരമാക്കിയ ബിജെപിയുടെ പ്രതിമ ഭൗമിക് കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പോയതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പാർട്ടി വിജയിച്ച മണ്ഡലമായ ബോക്സാനഗറിൽ കെട്ടിവെച്ച് കാശ് പോയതിന് പതിവ് പോലെ വോട്ടിംഗ് യന്ത്രത്തെയാണ് സിപിഎം പഴിക്കുന്നത്. ഇത് ശരിയായ ജനവിധിയല്ലെന്നും അത് 2024ൽ രാജ്യം കാണാൻ ഇരിക്കുന്നതേ ഉള്ളൂവെന്നുമാണ് ത്രിപുര പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ആശിഷ് കുമാർ സാഹയുടെ പ്രതികരണം.
മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ബിജെപി നേടിയ ചരിത്രപരമായ മേൽക്കൈ ഇൻഡിയ മുന്നണിക്കുള്ള ശക്തമായ സന്ദേശമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബിജെപി തങ്ങൾക്ക് അനഭിമതമല്ല എന്ന് മുസ്ലീങ്ങൾ തിരിച്ചറിയുന്നു. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള ചൂണ്ടുപലകയാണ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. സിപിഎം ത്രിപുരയുടെ സമകാലിക രാഷ്ട്രീയ ചരിത്രത്തിൽ തുലോം അപ്രസക്തമാകുകയാണ് എന്നാണ് ഈ ഉപതിരഞ്ഞെടുപ്പോടെ വ്യക്തമാകുന്നത്.
Discussion about this post