എറണാകുളം : ആലുവ പീഡനക്കേസിൽ പ്രതിക്ക് സഹായം നൽകിയ ഒരാളെ കൂടി പോലീസ് പ്രതിചേർത്തു. ആലുവയിൽ പ്രതി ക്രിസ്റ്റിലിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്ന ബംഗാൾ സ്വദേശിയായ മുഷ്താഖിനെയാണ് പ്രതി ചേർത്തിരിക്കുന്നത്. ക്രിസ്റ്റിൽ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വില്പന നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇയാളായിരുന്നു സഹായങ്ങൾ നൽകിയിരുന്നത്.
ഇരയായ പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ 150 മീറ്ററുകൾ മാത്രം അകലെയാണ് മുഷ്താഖ് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ പിതാവും മുഷ്താഖുമായി പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വൈരാഗ്യം തീർക്കാനായി മുഷ്താഖ് ക്രിസ്റ്റിലിനെ ഉപയോഗിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. മുഷ്താഖ് ആണ് പെൺകുട്ടിയെ പ്രതിക്ക് കാണിച്ചു കൊടുക്കുന്നതും കൃത്യം നടത്താനായി പറഞ്ഞുവിടുന്നതുമെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വെളിവാകുന്നത്.
ക്രിസ്റ്റിലിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. ഏഴു ദിവസത്തേക്ക് ആയിരിക്കും പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. മുഷ്താഖിനെ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും എന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post