തിരുവനന്തപുരം:പരിപാടിയിൽ പങ്കെടുത്തതിന്റെ പണം നൽകാതെ കബളിപ്പിച്ചുവെന്ന നടി ലക്ഷ്മി പ്രിയയുടെ ആരോപണത്തിൽ വാസ്തവം വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ചെറിയ പരിപാടിയാണെന്നും അതിനാൽ പണം നൽകാൻ കഴിയില്ലെന്നും പരിപാടിയുടെ സംഘാടകർ നേരത്തെ ലക്ഷ്മിയെ അറിയിച്ചിരുന്നു. പണം വേണ്ടെന്ന് നടി തന്നെയാണ് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ ആയിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.
ലക്ഷ്മി പ്രിയയുടെ പോസ്റ്റിന് പിന്നാലെ ആശങ്കകൾ പങ്കുവച്ച് നിരവധി പേർ സന്ദീപ് വാചസ്പതിയെ ബന്ധപ്പെട്ടിരുന്നു. ഇതോടെയായിരുന്നു അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്. ചെങ്ങന്നൂർ താലൂക്കിലെ ആല പഞ്ചായത്തിലെ എൻഎസ്എസ് കരയോഗം അവരുടെ 90 വർഷത്തെ പ്രവർത്തന ചരിത്രം വ്യക്തമാക്കുന്നതിനായി ഡയറക്ടറി പുറത്തിറക്കാൻ ഒരു സെലിബ്രിറ്റിയെ വേണമെന്ന് ആവശ്യപ്പെട്ടു. മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു ഇത്. ഇതേ തുടർന്നാണ് നടി ലക്ഷ്മി പ്രിയയുമായി ബന്ധപ്പെട്ടത് എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. ചെറിയ പരിപാടിയാണെന്നും പണമൊന്നും പ്രതീക്ഷിക്കരുതെന്നും ആദ്യമേ പറഞ്ഞൂ. എന്നാൽ അത് കുഴപ്പമില്ലെന്നും തീർച്ഛയായും വരാമെന്നുമായിരുന്നു നടിയുടെ പ്രതികരണം. ഇനി ഭാരവാഹികൾ ബന്ധപ്പെടുമെന്ന് പറഞ്ഞ് താൻ സംഭാഷണം അവസാനിപ്പിച്ചു.
എന്നാൽ ഭാരവാഹികൾ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടി ഫോൺ എടുത്തില്ല. നോട്ടീസ് അടിയ്ക്കുന്ന സമയത്തെ പരിപാടിയുടെ സംഘാടകർ തന്നെ വിളിച്ച് നടി എത്തുമോ എന്നകാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. ഇതോടെ താൻ വീണ്ടും ലക്ഷ്മിപ്രിയയെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴും വരാമെന്ന് നടി ആവർത്തിക്കുകയായിരുന്നു. പിന്നീട് പരിപാടിയുടെ ദിവസമാണ് ലക്ഷ്മി പ്രിയ തന്നെ വിളിച്ചത്.
സംഘാടകർ തന്ന പണം വളരെ കുറഞ്ഞു പോയി എന്നും, ഇത് വളരെ മോശമായി പോയി എന്നും ലക്ഷ്മി പറഞ്ഞു. പരിഹരിക്കാമെന്ന് വാക്ക് നൽകി. പിന്നീട് ലഭിച്ച പണം അവർക്ക് തന്നെ ലക്ഷ്മി തിരികെ നൽകി എന്നാണ് താൻ അറിഞ്ഞത്. ശേഷം വീണ്ടും അവർ തന്നെ വിളിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് താൻ വീണ്ടും പറഞ്ഞു.
ലക്ഷ്മി പ്രിയ 60,000 രൂപ ആവശ്യപ്പെട്ടു എന്നാണ് സംഘാടകർ പറഞ്ഞത്. 15,000 രൂപയാണ് അവർക്ക് നൽകിയത്. 25,000 രൂപയെങ്കിലും നൽകാൻ താൻ സംഘാടകരോട് ആവശ്യപ്പെട്ടു. പിന്നീട് ഓണത്തിന്റെയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെയും തിരക്കുകളിൽപ്പെട്ടുപോയി. ഇതിന് ശേഷം ലക്ഷ്മി പ്രിയ വീണ്ടും വിളിച്ചു. അപ്പോഴും പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞതാണ്. ഇതിനിടെ നാണക്കേട് ആയല്ലോ ഇതെന്ന് താൻ പറഞ്ഞു. ഇത് കേട്ട് അവർ രോഷാകുലയായി ഫോൺ വയ്ക്കുകയായിരുന്നു. പിന്നീട് കാണുന്നത് അവരുടെ ഫേസ്ബുക്ക് പോസ്റ്റാണ്.
പോസ്റ്റിലെവിടെയും താൻ പണം നൽകാമെന്ന് അവർ പറഞ്ഞതായി കാണുന്നില്ല. എന്നാൽ ചിലർ അങ്ങിനെ കാര്യങ്ങളെ വളച്ചൊടിച്ചു. 16 വർഷമായി ഇവിടെ പരിപാടിയ്ക്ക് വരാറുണ്ട്. ഇസ്ലാമിക പണ്ഡിതർ, സിനിമാ നടൻമാർ നടിമാർ എന്നിങ്ങനെ നിരവധി പേർ വന്നിട്ടുമുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. താനുമായി ബന്ധപ്പെട്ട് ലക്ഷ്മി പറഞ്ഞ് രണ്ട് കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. ഒന്ന് താൻ ഫോൺ എടുത്തില്ല എന്നത്. രണ്ട് പണം നൽകാമെന്ന് ഭാരവാഹികൾ വാഗ്ദാനം ചെയ്തു എന്നത്.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സന്ദീപ് വാചസ്പതി ഉഡായിപ്പ് ആണെന്നും ഇങ്ങനെ ഒരാൾ സംഘടനയെ എങ്ങനെ നയിക്കുമെന്നെല്ലാം ആക്ഷേപം ഉയർന്നിരുന്നു. ഈ സംഭവത്തിന് ബിജെപിയോ ആർഎസ്എസുമായോ ബന്ധമില്ല. ഇത് താൻ വ്യക്തിപരമായി ചെയ്ത കാര്യമാണ്. ഇനിയും സഹായം ചോദിച്ചാൽ ചെയ്യും. താൻ കൊണ്ടുവന്നു എന്ന നിലയ്ക്ക് ധാർമ്മികമായ ഉത്തരവാദിത്വം തനിക്ക് ഉണ്ട്. അടുത്തറിയുന്നവർക്ക് തെറ്റിദ്ധാരണയില്ല്. ഓൺലൈൻ ആങ്ങളമാരോട് ഒരു കാര്യമാണ് പറയാനുള്ളത്. പെങ്ങളെ താലോലിക്കുന്നതിന് മുൻപ് സത്യമെന്തെന്ന് അറിഞ്ഞിക്കണമെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.
Discussion about this post