ബംഗലൂരു: ബംഗലൂരു നഗരം ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളെ നിശ്ചലമാക്കി കർണാടകയിൽ ബസ് ബന്ദ് തുടരുന്നു. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ഉറപ്പ് നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ ശക്തി പദ്ധതി ബസ് വ്യവസായത്തെ തകർത്തു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനാണ് സംസ്ഥാനത്ത് 24 മണിക്കൂർ ബസ് ബന്ദ് പ്രഖ്യാപിച്ചത്.
ഞായറാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച ബസ് ബന്ദ് തിങ്കളാഴ്ച അർദ്ധരാത്രി വരെ നീളും. ബംഗലൂരു നഗരത്തെ ബന്ദ് സാരമായി ബാധിച്ചു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗലൂരു നഗരത്തിൽ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും സർവീസ് നിർത്തി വെച്ചിരിക്കുകയാണ്.
സ്കൂൾ, കോളേജ് ബസുകളും ഇന്ന് നിരത്തിലിറങ്ങിയിട്ടില്ല. ബന്ദ് സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ തയ്യാറാകാത്തത് ബംഗലൂരു വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും താറുമാറാക്കി. ടാക്സികളും മാക്സി ക്യാബുകളും പോലും നിരത്തിലിറങ്ങാത്ത സ്ഥിതിയാണുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രഖ്യാപിച്ച ജനപ്രിയ പദ്ധതിയായിരുന്നു സ്ത്രീകൾക്ക് പ്രീമിയം സർവീസ് ഒഴികെയുള്ള ബസുകളിൽ സൗജന്യ യാത്ര ഉറപ്പ് വരുത്തുന്ന ശക്തി പദ്ധതി. പൊതുജനങ്ങൾ വലിയ തോതിൽ പദ്ധതിക്ക് പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഇത് പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ സർക്കാർ വേണ്ടത്ര ഗൃഹപാഠം ചെയ്തില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിരുന്നത്.
വീണ്ടുവിചാരമില്ലാതെ വോട്ട് മാത്രം മുന്നിൽ കണ്ട് അശാസ്ത്രീയമായി സർക്കാർ കൊണ്ടു വന്ന പദ്ധതി സ്വകാര്യ ബസ് വ്യവസായത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബസ് ഉടമകൾ പറയുന്നു. പദ്ധതിയുടെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post