ചെന്നൈ: എ ആർ റഹ്മാന്റെ സംഗീത പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പിയത്. ടിക്കറ്റ് എടുത്തവർക്ക് മുൻപേ അവരുടെ സീറ്റുകൾ സംഘാടകരുടെ അടുപ്പക്കാർ കയ്യേറിയിരുന്നു. ഇതോടെയായിരുന്നു ആരാധകർക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്.
ഞായറാഴ്ച ചെന്നൈയിൽ ആയിരുന്നു മ്യൂസിക് ഷോ സംഘടിപ്പിച്ചത്. ‘മരക്കുമ നെഞ്ചം’ എന്നായിരുന്നു പേര്.ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരും എത്തി. എന്നാൽ പലർക്കും വേദിയ്ക്ക് അടുത്ത് പോലും എത്താൻ കഴിഞ്ഞില്ല.
രണ്ടായിരം, ആയിരം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ രണ്ടായിരം രൂപ മുടക്കി ടിക്കറ്റ് അടുത്തവർക്ക് പോലും ഷോ കാണാൻ കഴിഞ്ഞില്ല. തിക്കലും തിരക്കിലും പെട്ട് അകത്തേക്ക് പ്രവേശിക്കാനാകാതെ നിൽക്കുന്ന റഹ്മാൻ ആരാധകരുടെ വീഡിയോകൾ അപ്പോൾ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ എ ആർ റഹ്മാനെയുൾപ്പെടെ മോശമായ ഭാഷയിലാണ് ആളുകൾ അഭിസംബോധന ചെയ്തത്. സംഘാടകർക്കെതിരെ അസഭ്യവർഷവും ആളുകൾ നടത്തുന്നുണ്ട്. ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് ടിക്കറ്റ് നൽകിയതാണ് പ്രശ്‌നത്തിന് കാരണം എന്നുമുള്ള ആക്ഷേപവും സംഘാടകർക്കെതിരെ ഉയരുന്നുണ്ട്.
Discussion about this post