തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിന് കാരണം സഹതാപതരംഗമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്.
അഞ്ചാം തീയതി തിരഞ്ഞെടുപ്പു നടന്ന ത്രിപുരയിലെ ബോക്സാനഗറിൽ സംദുൾ ഹഖ് എന്ന സിറ്റിങ് സിപിഎം എംഎൽഎ അന്തരിച്ചതു കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകനായിരുന്നു സിപിഎം സ്ഥാനാർത്ഥി. എന്നാൽ 3,309 വോട്ട് മാത്രമാണ് അവിടെ ലഭിച്ചത്. 20 വർഷമായി സിപിഎം തുടർച്ചയായി വിജയിക്കുന്ന ബോക്സാനഗറിൽ കെട്ടിവച്ച കാശ് പോലും അവർക്കു നഷ്ടമായി എന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
സിപിഎം നേതാക്കൾ പറയുന്ന സഹതാപതരംഗവും വൈകാരിക പരിസരവും അവിടെ എന്താണു പ്രതിഫലിക്കാതിരുന്നത്. കമ്യൂണിസ്റ്റുകാർ മരിക്കുന്നിടത്തൊന്നും വൈകാരിക പരിസരം ഉണ്ടാകാത്ത സവിശേഷ സാഹചര്യം എന്താണെന്നു ഒന്നു പഠിക്കേണ്ടതാണ്. അവിടെ കെട്ടിവച്ച് കാശ് പോയി ബിജെപിക്ക് സീറ്റ് സമ്മാനിച്ചിട്ട് ഉളുപ്പുണ്ടോ ഇവിടെ വച്ച് പുതുപ്പള്ളിയിൽ ഞങ്ങൾ ജയിച്ചത് സഹതാപ തരംഗം കൊണ്ടാണെന്നു പറയാനെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെയും വിഷ്ണുനാഥ് ആരോപണം ഉന്നയിച്ചു. റോഡ് ക്യാമറ വിവാദത്തിൽ ഉപകരാർ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിഷ്ണുനാഥ് ആരോപിച്ചത്.
Discussion about this post