ന്യൂയോർക്ക് : ക്യാപ്റ്റൻ അമേരിക്കയിലൂടെ പ്രശസ്തനായ മാർവൽസ് താരം ക്രിസ് ഇവാൻസ് വിവാഹിതനായി. ദീർഘകാലമായി പ്രണയത്തിൽ ആയിരുന്ന പോർച്ചുഗീസ് നടി ആൽബ ബാപ്റ്റിസ്റ്റയെ ക്രിസ് ഇവാൻസ് ഔദ്യോഗികമായി വിവാഹം ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ ആയിരുന്നു താരങ്ങളുടെ വിവാഹം.
42 കാരനായ ഇവാൻസും 26 കാരിയായ ബാപ്റ്റിസ്റ്റയും ഏറെ നാളായി പ്രണയത്തിലായിരുന്നു. മസാച്യുസെറ്റ്‌സിലെ വസതിയിൽ വെച്ചായിരുന്നു താരങ്ങളുടെ വിവാഹം നടന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്രിസ് ഇവാൻസിന്റെ മാർവൽ സഹതാരങ്ങളായ റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഹെംസ്വർത്ത്, ജെറമി റെന്നർ എന്നിവർ വിവാഹത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
താരങ്ങളുടെ പ്രണയത്തെക്കുറിച്ച് ഏറെനാളായി അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും ഈ വർഷം ജനുവരിയിലാണ് ക്രിസ് ഇവാൻസ് പ്രണയത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നൽകുന്നത്. മിസിസ് ഹാരിസ് ഗോസ് ടു പാരീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ആൽബ ബാപ്റ്റിസ്റ്റ. വാരിയർ നൺ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലൂടെ ഇംഗ്ലീഷിലും ബാപ്റ്റിസ്റ്റ അരങ്ങേറ്റം കുറിച്ചു. ഗോസ്റ്റഡ് ആയിരുന്നു ക്രിസ് ഇവാൻസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
Discussion about this post