ലോസ് ഏഞ്ചെൽസ് : ഹോളിവുഡിലെ ഇതിഹാസതാരം മെർലിൻ മൺറോയുടെ വീട് പൊളിക്കാൻ ശ്രമം. വീട് സ്ഥിതിചെയ്യുന്ന വസ്തുവിന്റെ ഇപ്പോഴത്തെ ഉടമസ്ഥനാണ് പൊളിക്കാനായി ശ്രമം നടത്തിയത്. എന്നാൽ പ്രദേശവാസികളുടെ ഇടപെടൽ കൊണ്ട് ഈ ശ്രമം തടയപ്പെട്ടു. മെർലിൻ മൺറോ ജീവിച്ചതും ഒടുവിൽ 36-ാം വയസ്സിൽ മരണപ്പെട്ടതും ഈ വീട്ടിൽ വച്ചായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ അധികൃതർ സ്ഥലത്തെത്തി വീട് പൊളിക്കൽ തടഞ്ഞു.
ആർതർ മില്ലറുമായുള്ള വിവാഹമോചനത്തിനുശേഷമാണ് ലോസ് ഏഞ്ചൽസ് നഗരത്തിലെ ബ്രെന്റ്‌വുഡ് ഏരിയയിൽ മെർലിൻ മൺറോ ഈ വീട് വാങ്ങിയത്. 2,900 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മെർലിൻ മൺറോയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരേയൊരു വീടാണിത്. അര ഏക്കർ വിസ്തൃതിയുള്ള മനോഹരമായ ഒരു ചെറിയ എസ്റ്റേറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1962-ൽ അമിതമായി മയക്കുമരുന്ന് കഴിച്ച് മരണപ്പെട്ട നിലയിൽ മെർലിൻ മൺറോയെ കണ്ടെത്തിയതും ഈ വീട്ടിൽ വച്ചാണ്.
ഇതിഹാസ താരം ജീവിച്ചിരുന്ന ഈ വീട് മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇപ്പോഴും നിലകൊള്ളുന്നത്. രണ്ട് കാർ ഗ്യാരേജുകൾ, രണ്ട് നീന്തൽ കുളങ്ങൾ , വിശാലമായ പുസ്തകിടി എന്നിവ ഉൾപ്പെടുന്നതാണ് ഈ മനോഹരമായ വീട്. 2014 ലാണ് എമറാൾഡ് ലേക്ക് ഹെഡ്ജ് ഫണ്ട് മാനേജർ ഡാൻ ലൂക്കാസും ഭാര്യ ആനി ജർമെയ്നും 7.3 മില്യൺ ഡോളറിന് ഈ വീട് സ്വന്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ മാസം ഈ ദമ്പതികൾ 8.4 മില്യൺ ഡോളറിന് ഈ വീട് വിൽപ്പന നടത്തിയിരുന്നു. നിലവിലെ വീടിന്റെ ഉടമസ്ഥൻ ആരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post