തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും ധൂർത്തടിക്കാൻ പണമുള്ളപ്പോൾ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിന് പണമില്ലെന്ന സർക്കാർ വാദം വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. പിഎം (പ്രധാനമന്ത്രി) പോഷൺ പദ്ധതി പ്രകാരം സ്‌കൂൾ
കേന്ദ്രത്തെ പഴിക്കുന്ന വിദ്യാഭ്യാസ മന്ത്രി സംസ്ഥാന വിഹിതത്തെ കുറിച്ച് മിണ്ടാത്തത് എന്താണ?. ഇത്രയൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും സംസ്ഥാനവിഹിതം അനുവദിക്കാത്തത് എന്ത്കൊണ്ടാണെന്നും ശ്രീഹരി ചോദിച്ചു.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക 447.46 കോടി രൂപയാണ്. 2022-23 വർഷം മുതൽ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത് പ്രകാരം നടപ്പ് വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതം 97.89 കോടി രൂപയാണ്.
സ്‌കൂളുകൾ ഇല്ലാതിരുന്ന കോവിഡ് കാലത്തും ഉച്ചഭക്ഷണത്തിന് വേണ്ടി സംസ്ഥാന സർക്കാർ പണം കൈപ്പറ്റിയിരുന്നു. ആ വർഷങ്ങളിലെ കൃത്യമായ കണക്കുകൾ ഹാജരാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അതിനെയാണ് കേന്ദ്രം അനാവശ്യമായി ദ്രോഹിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ കേന്ദ്രം ധനസഹായം നൽകുന്നില്ലെന്ന് വാദിക്കുന്ന വിദ്യാഭ്യാസ മന്ത്രി സംസ്ഥാന വിഹിതത്തെപറ്റി വാ തുറക്കുന്നില്ല. ഇത്രയൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും സംസ്ഥാനവിഹിതം അനുവദിക്കാത്തത് എന്ത് കൊണ്ടാണ്? ഉച്ചഭക്ഷണത്തിന് പണം നൽകിയതിന്റെ പേരിൽ അധ്യാപകർക്ക് കടക്കെണിയിലാകേണ്ടി വന്നു എന്നുള്ളത് എന്തൊരു ദുരവസ്ഥയാണ്. രാഷ്ട്രീയക്കളിയുടെ പേരിൽ പാഠപുസ്തകങ്ങൾ ഓണപ്പരീക്ഷയ്ക്ക് ശേഷം വീണ്ടും അടിച്ചിറക്കി, അതിന്റെ പ്രചാരണത്തിന് വലിയ തുക ചിലവാക്കി. തള്ളാൻ കാശുള്ള സർക്കാരിന് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നും ശ്രീഹരി കുറ്റപ്പെടുത്തി.
കഴിഞ്ഞ 5 വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്‌കോളർഷിപ് തുക ഇതുവരെ വിജയികൾക്ക് നൽകിയിട്ടില്ല. 8 കോടിയിലധികം രൂപയാണ് ഇത്തരത്തിൽ നൽകാനുള്ളത്.
മുഖ്യമന്ത്രിക്ക് വേണ്ടി മാസം 80 ലക്ഷം ഹെലികോപ്റ്റർ വാടക നൽകാൻ സർക്കാരിന് പണം ഉണ്ട്. മുഖ്യമന്ത്രിക്ക് നീന്തൽകുളം പണിയാൻ പണമുണ്ട്. ഇത്തരത്തിൽ ധൂർത്തടിക്കാൻ പണമുള്ള സർക്കാർ വിദ്യാർത്ഥികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണ്. സ്‌കോളർഷിപ്പുകൾ മുടക്കുകയാണ്. ഇത്തരം അനീതികൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും ശ്രീഹരി കൂട്ടിച്ചേർത്തു.
Discussion about this post