കൊല്ലം : വീടിന്റെ ടെറസിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൊല്ലം കുണ്ടറയിലാണ് സംഭവം. ഇളമ്പള്ളൂർ സ്വദേശിയായ 22 വയസ്സുള്ള സൂര്യ എന്ന പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടി വിഷാദരോഗിയായിരുന്നുവെന്നും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പോലീസ് നിഗമനം.
കുണ്ടറ വേലുത്തമ്പി നഗറിൽ നന്ദനം വീട്ടിൽ ജയകൃഷ്ണപിള്ളയുടെയും രമാദേവിയമ്മയുടെയും മകളാണ് മരിച്ച സൂര്യ. രാത്രി 8 മണിയോടെ അമ്മയും സഹോദരിയും അടക്കമുള്ളവർ വീട്ടിൽ ഉള്ള സമയത്ത് ആയിരുന്നു സൂര്യ മരണപ്പെടുന്നത്. വീട്ടുകാർ ടിവി കണ്ടുകൊണ്ടിരിക്കെ പെൺകുട്ടി ടെറസിന് മുകളിലേക്ക് കയറി പോകുന്നത് കണ്ടിരുന്നു. പിന്നീട് സൂര്യ താഴേക്ക് വരാത്തതിനെ തുടർന്ന് സഹോദരി അന്വേഷിച്ചു ചെന്നപ്പോഴാണ് ടെറസിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കാണപ്പെട്ടത്. വീട്ടിൽ ഉപയോഗിക്കുന്ന കറിക്കത്തിയും മൃതദേഹത്തിന് അടുത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസിച്ചതിന്റെ മനപ്രയാസത്തിൽ ആയിരുന്നു പെൺകുട്ടി എന്നാണ് ലഭിക്കുന്ന സൂചന. താൻ വിഷാദരോഗി ആണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല എന്നും വ്യക്തമാക്കുന്ന ഈ പെൺകുട്ടിയുടെ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post