തൃശൂർ: സംഘടനാ പ്രവർത്തകരെ സ്വന്തം കുടുംബാംഗമായി കണ്ട പിപി മുകുന്ദന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത് ആയിരങ്ങൾ. എറണാകുളത്ത് നിന്ന് സ്വദേശമായ കണ്ണൂരിലേക്കുളള യാത്രയിലുടനീളം നിരവധി പേരാണ് മണിക്കൂറുകളോളം കാത്തുനിന്ന് പ്രിയനേതാവിന് വിട ചൊല്ലിയത്. വിലാപയാത്ര തൃശൂരിലെത്തിയപ്പോൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവർ പുഷ്പചക്രം അർപ്പിച്ചു.
തൃശൂരിലെ മുതിർന്ന നേതാക്കളടക്കം പിപി മുകുന്ദനെ അവസാനമായി കാണാനും പ്രണാമം അർപ്പിക്കാനും കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാത്രി വൈകിയും കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം പുലർച്ചയോടെ വിലാപയാത്ര കണ്ണൂരിലെത്തും. കണ്ണൂർ ബിജെപി ഓഫീസിൽ പൊതുദർശനത്തിനുശേഷം വിലപയാത്രയായി മണത്തനയിലെ തറവാടുവീട്ടിലെത്തിക്കും ഉച്ചയോടെയാണ് സംസ്‌കാരം.
കേന്ദ്രമന്ത്രി വി. മുരളീധരൻ, പികെ. കൃഷ്ണദാസ്, എംടി. രമേശ്, എഎൻ. രാധാകൃഷ്ണൻ, കെ. സുഭാഷ് അടക്കം മുതിർന്ന ബിജെപി നേതാക്കളും സംഘത്തിന്റെ പ്രാന്തപ്രചാരക് എസ് സുദർശൻ, സഹപ്രാന്തപ്രചാരക് എ വിനോദ് അടക്കം മുതിർന്ന കാര്യകർത്താക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിഞ്ഞതുമുതൽ അവസാനമായി ഒരുനോക്ക് കാണാനും പ്രണാമം അർപ്പിക്കാനും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. കൊച്ചി എളമക്കരയിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ വൈകിട്ട് വരെ ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾ അണമുറിയാതെ എത്തിക്കൊണ്ടിരുന്നു.
പ്രസ്ഥാനത്തിനുളളിലും പുറത്തും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച നേതാവാണ് പിപി മുകുന്ദൻ. അതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ജനാവലി.
Discussion about this post