തിരുവല്ല: തിരുവല്ലയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തതായി പരാതി. മറ്റൊരു വാഹനം ഇടിച്ച് റോഡിൽ കിടന്ന സ്ത്രീയെ തങ്ങൾ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തതെന്നും, പോലീസ് കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നും ബസ് ഉടമ ആരോപിച്ചു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കറ്റോട് എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുനെൽവേലി സ്വദേശി സെല്ലൈ ദുരച്ചി പിന്നീട് മരിച്ചു. ഈ സംഭവത്തിലാണ് തിരുവല്ല-കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ ബസ് അല്ല, മറ്റൊരു വാഹനമാണ് ഇടിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. സിസിടിവി ഇല്ലാത്ത സ്ഥലത്താണ് അപകടം ഉണ്ടായത്. സ്ഥലത്ത് ഉണ്ടായിരുന്നവരോട് പോലും ചോദിക്കാതെയാണ് പോലീസ് തങ്ങൾക്കെതിരെ കേസ് എടുത്തതെന്നും ബസ് ഉടമ ആരോപിച്ചു.
എന്നാൽ ബസ് ഇടിച്ചാണ് സ്ത്രീ റോഡിൽ വീണതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. കേസ് എടുത്തതിൽ പിഴവ് ഉണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു.
Discussion about this post