സമുദ്രത്തിനടിയിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു കിടപ്പുമുറിയിൽ മത്സ്യങ്ങളെയും കണ്ട് കഴിയാൻ പറ്റുക എന്നുള്ളത് ശരിക്കും സ്വപ്നതുല്യമാണ് അല്ലേ? 42 ലക്ഷം രൂപ ചിലവാക്കാൻ ഉണ്ടെങ്കിൽ മാലിദ്വീപിലേക്ക് പോന്നോളൂ, ആ വലിയ ആഗ്രഹം സാധിക്കുന്നതാണ്. ലോകത്തിലെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടൽ വില്ല ആണ് മാലിദ്വീപിലെ കോൺറാഡ് രംഗാലി ഐലൻഡിലെ ‘ദി മുരക’. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും താഴെയുമുള്ള അതിശയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഒരു സവിശേഷമായ ഇടമാണിത്.
മൂന്ന് കിടപ്പുമുറികളും ലിവിംഗ്, ഡൈനിംഗ് ഏരിയകളും ഉൾക്കൊള്ളുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർ വാട്ടർ ആഡംബര വസതിയാണ് ദി മുരക. സമുദ്രനിരപ്പിൽ നിന്ന് 16 അടിയിലധികം താഴെയായിട്ടാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. രണ്ട് കിടപ്പുമുറികൾ , സമുദ്രത്തിന് അഭിമുഖമായുള്ള ഒരു കുളിമുറി ,
ഇൻഫിനിറ്റി പൂളുള്ള ഔട്ട്‌ഡോർ ഡെക്ക് എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങൾ ഈ അണ്ടർവാട്ടർ വില്ല അതിഥികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 24 മണിക്കൂറും നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ പാകം ചെയ്ത് തരാനായി ഒരു സ്വകാര്യ പാചകക്കാരന്റെ സേവനവും ലഭ്യമാകുന്നതാണ്.
സമുദ്രാന്തർ ഭാഗത്തിന്റെ എല്ലാ ഭംഗിയും മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന ഗ്ലാസ് കൊണ്ടുള്ള സീലിംഗ് ആണ് ഈ അണ്ടർവാട്ടർ വില്ലയുടെ ഏറ്റവും വലിയ സവിശേഷത. സമുദ്രത്തിലൂടെ മത്സ്യങ്ങൾ നീന്തുന്നത് കണ്ടുകൊണ്ട് ചിലവഴിക്കാൻ കഴിയുന്നത് ശരിക്കും അസുലഭമായ ഒരു അവസരമാണ്.
പക്ഷേ ഈ അവസരം അല്പം ചെലവേറിയത് കൂടിയാണ്. ‘ദി മുരക’ എന്ന ഈ അണ്ടർവാട്ടർ വില്ലയിൽ ഒരു ദിവസം താമസിക്കാനായി അമ്പതിനായിരം ഡോളർ ആണ് ചിലവുള്ളത്. അതായത് 42 ലക്ഷത്തോളം ഇന്ത്യൻ രൂപ ഒരു ദിവസത്തേക്ക് ചിലവഴിക്കാൻ താല്പര്യമുണ്ടെങ്കിൽ ധൈര്യമായി മാലിദ്വീപിലേക്ക് പോന്നോളൂ.
Discussion about this post