തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റി എഎൻ ഷംസീറിനെ മന്ത്രിയാക്കുമെന്ന് സൂചന. പകരം വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ മന്ത്രി സഭാ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സിപിഎം നടത്തുന്ന ചർച്ചകളിലാണ് അഭിപ്രായം ഉയർന്നുവന്നത്.
കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും പുതുതായി മന്ത്രിസഭയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആന്റണി രാജുവിനെയും അഹമ്മദ് ദേവർകോവിലിനെയും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കും.
മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും. ഗണേഷ് കുമാറിന് വനം വകുപ്പ് നൽകാനാണ് ആലോചന. എ കെ ശശീന്ദ്രൻ ഗതാഗത വകുപ്പിലേക്ക് തിരിച്ചെത്തുമെന്നും സൂചനയുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഈ വ്യവസ്ഥയ്ക്ക് അനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം നടക്കുന്നത്.നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാന്‍ ഈ മാസം 20 ന് എല്‍ ഡി എഫ് യോഗം ചേരും.
Discussion about this post