കൊല്ലം : ബസ് യാത്രക്കാരനായ വയോധികനെ ക്രൂരമായി മർദ്ദിച്ച് കണ്ടക്ടർ. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതിനെ കുറിച്ച് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. കൊല്ലത്താണ് സംഭവം. പുനലൂരിൽ നിന്നും അഞ്ചലിലേക്ക് വന്നിരുന്ന ഉപാസന എന്ന ബസ്സിലെ കണ്ടക്ടർ ആണ് വയോധികനെ ക്രൂരമായി മർദ്ദിച്ചത്.
അഞ്ചൽ സ്വദേശി വാസുദേവനാണ് ക്രൂരമായ മർദ്ദനമേറ്റത്. കണ്ടക്ടറുടെ അടിയേറ്റ് വയോധികനായ വാസുദേവൻ ഉടൻ തന്നെ നിലത്ത് വീഴുകയായിരുന്നു. തല പൊട്ടുകയും കൈകൾക്കും നടുവിനും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ ആദ്യം അഞ്ചൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
വാസുദേവൻ ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ബസ് നിർത്തിയില്ല. ഇതേക്കുറിച്ച് കണ്ടക്ടറോട് ചോദ്യം ചെയ്തപ്പോൾ ഇയാൾ ആദ്യം അസഭ്യം പറഞ്ഞു. തുടർന്ന് ബസ് നിർത്തി ഇറങ്ങിയശേഷം കണ്ടക്ടർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post