ന്യൂഡൽഹി: ഡിഎംകെയും പ്രതിപക്ഷ സഖ്യമായ ഇൻഡിയയും ഹിന്ദുക്കൾക്കും സനാതന ധർമ്മത്തിനും എതിരായാണ് പ്രവർത്തിക്കുന്നതെന്ന രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. 70 വർഷമായി ഡിഎംകെയുടെ പ്രഖ്യാപിത നയമാണ് സനാതന ധർമ്മത്തെ എതിർക്കുക എന്നത്, അത് താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും നിർമല സീതാരാമൻ പറയുന്നു.
” സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണ് ഡിഎംകെ ശ്രമിക്കുന്നത്. ഇൻഡിയ സഖ്യത്തിലെ ഘടകകക്ഷികലാരും ഡിഎംകെ നേതാക്കൾ നടത്തിയ പ്രസ്താവനയെ അപലപിക്കാൻ തയ്യാറായിട്ടില്ല. ഡിഎംകെ നേതാക്കൾ നേരത്തേയും ഇത് തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്. ഭാഷാപ്രശ്‌നം കാരണം മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അത് മനസിലാകുമായിരുന്നില്ല. പക്ഷേ ഇന്ന് സമൂഹമാദ്ധ്യമങ്ങൾ കാരണം ഒരു മന്ത്രി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല.
ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. 70 വർഷമായി അവർ ഇത് തന്നെയാണ് ചെയ്ത് വന്നിരുന്നത്. ഉദയനിധി സ്റ്റാലിന്റെ പരാമർശം ഭരണഘടനയെ പരിഹസിക്കുന്നതാണ്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത് എന്നറിഞ്ഞിട്ടും ബോധപൂർവ്വം വിവാദ പരാമർശം നടത്തുകയാണെന്നും” നിർമല സീതാരാമൻ വിമർശിച്ചു.
Discussion about this post