കൊൽക്കത്ത : ബംഗാളിലെ ഇൻഡി സഖ്യം തുടക്കത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സീറ്റ് വിഭജനത്തിൽ ഇടതു പാർട്ടികളുമായി ഒരു സഹകരണത്തിനും ഇല്ലെന്ന് തൃണമൂൽ കോൺഗ്രസ്സ് വ്യക്തമാക്കി. തൃണമൂലിന് വേണ്ട സീറ്റുകൾ നൽകിയശേഷം ബാക്കിയുള്ളവയിൽ മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയെ പരിഗണിച്ചാൽ മതിയെന്നാണ് തൃണമൂൽ കോൺഗ്രസ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന കാര്യത്തിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബംഗാൾ കോൺഗ്രസ് ഘടകവും തമ്മിലും തർക്കങ്ങളുണ്ട്. ഇൻഡി സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസും തൃണമൂലും ഇടതുപാർട്ടികളും എങ്കിലും ബംഗാളിൽ ഈ സൗഹൃദമൊന്നും പ്രാവർത്തികമാകില്ല എന്നാണ് തൃണമൂൽ നേതൃത്വം നൽകുന്ന സൂചന.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികളുമായി യാതൊരു ചർച്ചയ്ക്കും തയ്യാറെല്ലെന്നാണ് ടിഎംസി അറിയിച്ചിട്ടുള്ളത്. തൃണമൂലിന്റെ ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ലോക്‌സഭാ അംഗവുമായ അഭിഷേക് ബാനർജിയെ നേരത്തെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് ബംഗാളിൽ തൃണമൂലിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും പ്രതിഷേധങ്ങളുണ്ട്. സംസ്ഥാനതലത്തിലെ ഈ സംഘർഷം ഇൻഡി സഖ്യത്തെ ദോഷകരമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post