ചെന്നൈ: വെറുപ്പിന്റെ ജാതി രാഷ്ട്രീയം മാത്രമാണ് തമിഴ്നാട്ടിൽ ഡിഎംകെയുടെ സംഭാവനയെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാനത്തെ ജാതീയമായ ചേരിതിരിവ് ഡിഎംകെ സമർത്ഥമായി രാഷ്ട്രീയ നേട്ടങ്ങൾക്ക് വിനിയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ തൊട്ടുകൂടായ്മ നിർമാർജ്ജന ഫോറം അടുത്തയിടെ നടത്തിയ സർവേയുടെ ഫലങ്ങൾ ഞെട്ടിക്കുന്നതാണ്. സർവേയിൽ പങ്കെടുത്ത ദളിത് സമുദായത്തിൽ നിന്നുള്ള 386 പഞ്ചായത്ത് അംഗങ്ങളിൽ ഭൂരിപക്ഷം പേരും തങ്ങളുടെ ദുരവസ്ഥ വെളിപ്പെടുത്തി.
അവരവരുടെ വാർഡുകളിൽ സ്വാതന്ത്ര്യ ദിനത്തിനോ റിപ്പബ്ലിക് ദിനത്തിനോ പോലും പതാക ഉയർത്താനുള്ള സ്വാതന്ത്ര്യം ദളിത് വിഭാഗത്തിൽ പെട്ട പഞ്ചായത്ത് അംഗങ്ങൾക്ക് കിട്ടുന്നില്ല. കടുത്ത വിവേചനമാണ് അവർ നേരിടുന്നത്. ഒരു നെയിം ബോർഡ് വെക്കാൻ പോലും അവർക്ക് അവകാശമില്ല. അവർ വിളിച്ചു ചേർക്കുന്ന ഗ്രാമസഭകൾ ദളിതരല്ലാത്തവർ സ്ഥിരമായി ബഹിഷ്കരിക്കുന്നു.
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ പട്ടിക ജാതിക്കാരനായ മെമ്പറെ പതാക ഉയർത്താൻ മറ്റുള്ളവർ അനുവദിക്കാത്തതിനെ തുടർന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അവിടെ പോയി പതാക ഉയർത്തേണ്ടി വന്നു. ഇതാണ് ദ്രാവിഡ രക്തത്തിന്റെ പേരിൽ വിഘടനവാദം പ്രചരിപ്പിക്കുന്ന സ്റ്റാലിന്മാരുടെ നാട്ടിലെ ഗതികേടെന്ന് അണ്ണാമലൈ വ്യക്തമാക്കി.
2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വെച്ച റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിലെ 38ൽ 37 ജില്ലകളിലും ജാതിവെറി രൂക്ഷമായി നിലനിൽക്കുന്നു. തമിഴ്നാട്ടിൽ പ്രതിദിനം ശരാശരി ഒരു ജാതിക്കൊലയെങ്കിലും നടക്കുന്നുണ്ട് എന്നാണ് കണക്ക്.
ഒൻപത് മാസങ്ങൾക്ക് മുൻപ് പുതുക്കോട്ടയിൽ ദളിതർ വെള്ളം കുടിക്കുന്ന വാട്ടർ ടാങ്കിൽ മനുഷ്യമലം കലർത്തി. ഈ കേസിൽ ഒരു പ്രതിയെ പോലും പിടികൂടാൻ ഇന്നും തമിഴ്നാട് പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുന്നാണ് സ്റ്റാലിന്മാർ മറ്റുള്ളവർക്ക് സാമൂഹിക നീതിയെയും മാനവികതയെയും കുറിച്ച് വാതോരാതെ ക്ലാസ്സ് എടുക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
സ്ഥാപിതമായ കാലം മുതൽ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച് നേട്ടം കൊയ്യാനാണ് ഡിഎംകെ ശ്രമിച്ചിട്ടുള്ളത്. ഈ വെറുപ്പിന്റെ രാഷ്ട്രീയം രാജ്യത്ത് ആകമാനം വ്യാപിപ്പിക്കാനാണ് ഇൻഡി മുന്നണിയിലൂടെ ഡിഎംകെ ശ്രമിക്കുന്നത്. ഇത് തമിഴ്നാട്ടിലെയും ഇതര സംസ്ഥാനങ്ങളിലെയും ജനങ്ങൾ തിരിച്ചറിയണമെന്നും അണ്ണാമലൈ പറഞ്ഞു.
Discussion about this post