ഇടുക്കി : ആനക്കൊമ്പ് വില്പന നടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി പരുന്തുംപാറയിൽ ആണ് സംഭവം. ഇവരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത് , ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരെയാണ് ആനക്കൊമ്പുകളുമായി വനം വകുപ്പ് പിടികൂടിയത്.
ഒരടിയോളം നീളവും 2 കിലോയോളം തൂക്കവും ഉള്ളതാണ് പിടികൂടിയ ആനക്കൊമ്പുകൾ. ഇടുക്കിയിൽ പീരുമേട് ഭാഗത്ത് ആനക്കൊമ്പുകളുടെ കച്ചവടം നടക്കും എന്നുള്ള വനം വകുപ്പ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ ഒരാഴ്ചയായി വനം വകുപ്പ് കടുത്ത നിരീക്ഷണമായിരുന്നു ഇടുക്കി ഭാഗത്ത് നടത്തിയിരുന്നത്. ആനക്കൊമ്പ് കച്ചവടത്തിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടെന്നും വിശദമായ അന്വേഷണങ്ങൾ നടത്തി വരികയാണെന്നും കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് അറിയിച്ചു.
വനത്തിൽ നിന്നും ആനക്കൊമ്പ് കടത്തിയ ആളെയും കച്ചവടത്തിന് ഒത്താശ ചെയ്തുകൊടുത്ത ആളെയും കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. ഇവരെ ഉടൻതന്നെ അറസ്റ്റ് ചെയ്യും എന്നും വനം വകുപ്പ് അറിയിച്ചു. വനം വകുപ്പ് ഇന്റലിജൻസ്, മുണ്ടക്കയം ഫ്ലയിംഗ് സ്ക്വാഡ്, മുറിഞ്ഞപുഴ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ പ്രതികളെ പിടികൂടാനായത്.
Discussion about this post