ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി പുകഴ്ത്തരുതെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വച്ച് പാർട്ടി അംഗങ്ങൾക്കാണ് ഖാർഗെ നിർദ്ദേശം നൽകിയത്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് ദേവ് സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഇതാണ് ഖാർഗെയെ ചൊടിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിട്ടിരുന്നു. പ്രധാനമന്ത്രിയുടെ സംഭാവനകളെ വേദിയിൽ വച്ച് തന്നെ ദേവ് സിംഗ് പുകഴ്ത്തുകയും ചെയ്തു. സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിലുള്ള സഹകരണം മികച്ചതാണെന്നും, തങ്ങൾ ആവശ്യപ്പെട്ട ഒരു കാര്യവും ഇതുവരെ കേന്ദ്രം നിഷേധിച്ചിട്ടില്ലെന്നും ദേവ് സിംഗ് വ്യക്തമാക്കി.
പിന്നാലെയാണ് ദേവ് സിംഗിനെതിരെ പാർട്ടി യോഗത്തിൽ വിമർശനം ഉയർന്നത്. മര്യാദയുടെ പേരിലാണ് പ്രധാനമന്ത്രിയെ പുകഴ്ത്തിയത് എന്ന് വിശദീകരിച്ചുവെങ്കിലും കോൺഗ്രസ് നേതാക്കൾ ഇത് അംഗീകരിച്ചില്ല. തുടർന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ദേവ് സിംഗ് ക്ഷമാപണം നടത്തി. തുടർന്നാണ് പ്രധാനമന്ത്രിയെ അനാവശ്യമായി പുകഴ്ത്തുന്നത് ഒഴിവാക്കണമെന്നാണ് ഖാർഗെ കോൺഗ്രസ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്.
Discussion about this post