കൊളംബിയ : അമേരിക്കയുടെ യുദ്ധവിമാനം കാണാതായി. അടിയന്തിര സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് പൈലറ്റ് ഇജക്ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം. സൗത്ത് കരോലിനയിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. വിമാനം ഇജക്ട് ചെയ്ത ശേഷം പൈലറ്റ് സേഫായി താഴെയെത്തി. എന്നാൽ ഇടിച്ചിറങ്ങേണ്ടിയിരുന്ന വിമാനം കാണാതായി.
അമേരിക്കൻ നാവികസേനയുടെ ഭാഗമായ എഫ് 35 ലൈറ്ററിംഗ് രണ്ട് ഫൈറ്റർ ജെറ്റാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സൗത്ത് കരോലിനയിലെ നോർത്ത് ചാൾസ്റ്റണിന് സമീപത്ത് വെച്ച് കാണാതായത്. സേനയിലെ അതീവ പ്രാധാന്യമേറിയ എഫ് 35 യുദ്ധവിമാനം കണ്ടെത്താൻ യുഎസ് സൈന്യം പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. എന്നാൽ യുദ്ധവിമാനം പറത്തുന്നതിനിടെ എന്തിനാണ് പൈലറ്റ് ഇജക്ട് ചെയ്ത് പാരച്ചൂട്ടിൽ രക്ഷപ്പെട്ടിറങ്ങിയത് എന്ന് വ്യക്തമായിട്ടില്ല. പൈലറ്റിന്റെ പേര് വെളിപ്പെടുത്താൻ സേന തയ്യാറായിട്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അപകടത്തിന് പിന്നാലെ അമേരിക്കൻ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ചാൾസ്റ്റൺ നഗരത്തിന് വടക്കുള്ള രണ്ട് തടാകങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ വിമാനം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. യുദ്ധവിമാനം തടാകത്തിൽ മുങ്ങിപ്പോയോ എന്ന കാര്യം ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. 100 മില്യൺ ഡോളർ വിലമതിക്കുന്ന വിമാനത്തിന് ഏകദേശം 1,200 മൈൽ റേഞ്ച് ഉണ്ട്. എന്നാൽ വിമാനത്തിൽ എത്ര ഇന്ധനം ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
എഫ് 35 ഒരു സ്റ്റെൽത്ത് വിമാനമാണ്, അതായത് സാധാരണ വിമാനത്തേക്കാൾ ഇത് കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കൂടാതെ, വിമാനത്തിന്റെ ട്രാൻസ്പോണ്ടർ പ്രവർത്തിക്കുന്നില്ലെന്നും ജോയിന്റ് ബേസ് ചാൾസ്റ്റണിന്റെ വക്താവ് ജെറമി ഹഗ്ഗിൻസ് പറഞ്ഞു. അതുകൊണ്ടാണ് സഹായത്തിനുള്ള പൊതു അഭ്യർത്ഥന പുറത്തുവിട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
എഫ്-35 യുദ്ധവിമാനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബേസ് ഡിഫൻസ് ഓപ്പറേഷൻസ് സെൻററിലേക്ക് വിളിക്കണമെന്ന് യു.എസ് സൈന്യം അറിയിച്ചു.
അതേസമയം, ഇത്രയും ആധുനിക സംവിധാനങ്ങളുള്ള വിമാനം സൈന്യത്തിന് കണ്ടെത്താനായില്ലെങ്കിൽ പൊതുജനങ്ങൾ എങ്ങനെ കണ്ടെത്താനാണെന്ന ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
Discussion about this post