ന്യൂഡൽഹി: വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ ബില്ലിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി അവകാശവാദവുമായി കോൺഗ്രസ്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ഇത്തരമൊരു ചുവടുവെയ്പ് നടത്താൻ മടിച്ച കോൺഗ്രസ് ബില്ലിന്റെ നേട്ടം മോദി സർക്കാരിന് മാത്രം ലഭിക്കുന്നതിലെ രാഷ്ട്രീയ തിരിച്ചടി മുന്നിൽ കണ്ടാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
“ഈ ബില്ല് ഞങ്ങളുടേതാണ്” എന്നായിരുന്നു കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പ്രതികരണം. രാവിലെ പാർലമെന്റ് മന്ദിരത്തിലെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. അതേസമയം സമൂഹമാദ്ധ്യമങ്ങളിലൂടെ ഉൾപ്പെടെ കോൺഗ്രസിന്റെ അവകാശവാദത്തെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി.
കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ് ഉൾപ്പെടെയുളളവർ ഇന്നലെ തന്നെ ബില്ലിൽ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബില്ലിന്റെ വിശദാംശങ്ങൾ അറിയാൻ കാത്തിരിക്കുകയാണെന്നും ആയിരുന്നു ജയ്‌റാം രമേശിന്റെ ആദ്യ പ്രതികരണം.
പ്രത്യേക സമ്മേളനത്തിന് മുൻപായി ബില്ലിനെക്കുറിച്ച് സർവ്വകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യാമായിരുന്നുവെന്നും രഹസ്യസ്വഭാവത്തിലുളള നീക്കങ്ങൾ നടത്തേണ്ടിയിരുന്നില്ലെന്നും ജയ്‌റാം രമേശ് കുറിച്ചു.
ലോക്‌സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പിക്കുന്നതാണ് വനിതാ സംവരണ ബില്ല്. ഇന്നലെ കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. ബുധനാഴ്ച ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
Discussion about this post