തിരുവനന്തപുരം : പ്രാങ്ക് വീഡിയോയുടെ പേരിൽ ശല്യം സൃഷ്ടിച്ച വ്ലോഗർമാരെ പോലീസ് പിടികൂടി. സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്തതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ സ്കൂൾ വിദ്യാർത്ഥികളെ ഭയപ്പെടുത്തുകയും പെൺകുട്ടികളുടെ കയ്യിൽ കയറി പിടിക്കുകയും ചെയ്തെന്നുള്ള പരാതിയെ തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. സംഭവത്തിന് സാക്ഷികളായ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥികളെ ശല്യം ചെയ്യുന്നത് ഷൂട്ട് ചെയ്യാനായി ഒരു വീഡിയോഗ്രാഫറും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
നെയ്യാറ്റിൻകര കോൺവെന്റ് റോഡിലാണ് മുഖംമൂടി ധരിച്ച് എത്തി പ്രാങ്ക് വീഡിയോ എടുക്കുന്നവർ വിദ്യാർത്ഥിനികളെ ശല്യം ചെയ്തത്. സ്കൂൾ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥിനികളെയാണ് ഇവർ കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടിയും വസ്ത്രവും ധരിച്ചെത്തി ശല്യപ്പെടുത്തിയത്. ഇത്തരത്തിൽ സ്കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്നത് പതിവായതോടെയാണ് നാട്ടുകാർ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസിൽ പരാതി നൽകുന്നത്.
Discussion about this post