കോതയാർ: അരിക്കൊമ്പന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ്. മൂന്ന് ദിവസമായി ജനവാസമേഖലയിൽ തന്നെ തുടരുന്ന അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമങ്ങൾ തമിഴ്‌നാട് വനംവകുപ്പ് ഇപ്പോഴും തുടരുകയാണ്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം മേഖലയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. അൻപതോളം ജീവനക്കാർ ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി.
വെറ്ററിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. കോതയാർ ഭാഗത്തായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസമാണ് മാഞ്ചോലയിൽ എത്തിയത്. ലയങ്ങളുടെ ഭാഗത്ത് ഉണ്ടായിരുന്ന വാഴക്കൃഷി അരിക്കൊമ്പൻ നശിപ്പിച്ചു. അരിക്കൊമ്പൻ ഈ ഭാഗത്ത് നിലയുറപ്പിച്ച സാഹചര്യത്തിൽ സ്‌കൂളിന് അവധി നൽകുകയും മാഞ്ചോലയിലേക്ക് സഞ്ചാരികൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് അരിക്കൊമ്പനെ കോതയാർ വനമേഖലയിൽ തുറന്നുവിട്ടത്.
Discussion about this post