ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ നടക്കുന്ന ചർച്ചയ്ക്ക് കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും നേതൃത്വം നൽകും. പ്രതിപക്ഷ മുന്നണിയിൽ നിന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാകും ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. ”നാരീശക്തി വന്ദൻ അധീനിയം” എന്ന പേരിലാണ് വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇന്ന് ലോക്‌സഭയിലും നാളെ രാജ്യസഭയിലും ബില്ലിന്മേൽ ചർച്ച നടക്കും.
മുതിർന്ന അംഗങ്ങൾക്ക് പുറമെ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും വനിതാ അംഗങ്ങൾ ചർച്ചയുടെ ഭാഗമാകും. ബിജെപിയെ പ്രതിനിധീകരിച്ച് സുനിത ദുഗ്ഗൽ അപരാജിത സാരംഗി എന്നിവർ ഈ വിഷയത്തിൽ സഭയെ അഭിസംബോധന ചെയ്യും. പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് അംഗങ്ങളായ ഗീത കോഡ, ജ്യോതിമണി, രമ്യ ഹരിദാസ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്. നിയമനിർമാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബിൽ. അതുവഴി ലോക്്‌സഭയിലും സംവരണം ഉറപ്പാകും. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവയ്ക്കണം. ഈ സംവരണ സീറ്റുകൾ ചാക്രിക ക്രമത്തിൽ മാറും.
Discussion about this post