മുംബൈ: ഗണേശ ചതുര്‍ഥി ആഘോഷിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം സാറാ അലിഖാനെതിരെ സൈബര്‍ ആക്രമണം. മുസ്ലിം നാമധാരിയായ സാറാ എന്തിന് ഹിന്ദു ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കുകയും ആചരിക്കുകയും ചെയ്യുന്നു എന്ന് ചോദിച്ചാണ് ആക്രമണം. ഹിന്ദു ആഘോഷങ്ങള്‍ ആചരിക്കാനാണ് ഭാവമെങ്കില്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോകണമെന്നടക്കമുള്ള ഭീഷണികളാണ് നടിക്കെതിരെ ഉണ്ടാവുന്നത്. ഇതാദ്യമായല്ല സാറാ ഇത്തരം മതപരമായ വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഇരയാകുന്നത്.
ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് ഗണേശ വിഗ്രഹത്തില്‍ പൂക്കളര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സാറാ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചിരുന്നു. ‘ഗണപതി ബപ്പ മോറിയ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് സാറായ്‌ക്കെതിരെ അധിക്ഷേ കമന്റുകള്‍ ചിത്രത്തിന് താഴെ നിറയുകയായിരുന്നു. നിങ്ങള്‍ മുസ്ലീം ആണോ അല്ലയോ എന്നാദ്യം തീരുമാനിക്കുക, ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലും ഗണപതിയെ വന്ദിക്കില്ല, ഇസ്ലാമില്‍ വിശ്വസിക്കുന്നവര്‍ മതം വച്ച കളിക്കുന്നത് ശരിയല്ല തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ കാണപ്പെടുന്നത്.
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറാ ഇതാദ്യമായല്ല ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നത്. നേരത്തെ അമര്‍നാഥ്, കേദാര്‍നാഥ് യാത്രകള്‍ പോയ വിേശഷങ്ങള്‍ പങ്ക് വച്ചപ്പോഴും ഇത്തരത്തില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ താരം നേരിട്ടിരുന്നു. “ഞാന്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യാറുണ്ട്. ആളുകള്‍ക്ക് എന്റെ ജോലി ഇഷ്ടമായില്ലെങ്കില്‍ കുറ്റപ്പെടുത്തുന്നത് ഞാന്‍ അംഗീകരിക്കാറുണ്ട്. പക്ഷെ എന്റെ വ്യക്തിപരമായ കാര്യങ്ങളിലോ മതപരമായ വിശ്വാസങ്ങളിലോ നടത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ ഞാന്‍ അവഗണിക്കാറാണ് പതിവ്”, നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ സാറാ വ്യക്തമാക്കിയിരുന്നു.
ക്ഷേത്രങ്ങളില്‍ പതിവായി പോകുകയും ഹൈന്ദവ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സാറയ്‌ക്കെതിരെ ഇത്തരം അധിക്ഷേപങ്ങള്‍ ഇപ്പോള്‍ സ്ഥിരമായിരിക്കുകയാണ്.
Discussion about this post