കൊല്ലം; ആറ് മാസത്തോളമായുളള ശമ്പള കുടിശിക ആവശ്യപ്പെട്ട് എത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അവഹേളിച്ച് കൊല്ലം കോർപ്പറേഷൻ മേയറും ഭരണപക്ഷ കൗൺസിലർമാരും. മേയർ പ്രസന്ന ഏണസ്റ്റിനെ നേരിട്ട് കണ്ട് ശമ്പളം ചോദിക്കാനാണ് പത്തോളം വരുന്ന രണ്ടാം ഡിവിഷനിൽ നിന്നുളള തൊഴിലുറപ്പ് തൊഴിലാളികൾ കോർപ്പറേഷൻ ഓഫീസിലെത്തിയത്.
മേയർ എത്തിയെങ്കിലും ഇവരെ ഗൗനിച്ചില്ല. പിന്നാലെ പോയി കാര്യം പറഞ്ഞപ്പോഴും അവഗണനയായിരുന്നു. പരാതി പറഞ്ഞ തൊഴിലാളിയോട് നീ ആളാകാൻ വന്നതാണോന്ന് ആയിരുന്നു മേയറുടെ ചോദ്യമെന്ന് ഇവർ പറഞ്ഞു. പിന്നാലെ മുറിയിൽ കയറിയ മേയർ പുറത്തിറങ്ങി വരാനോ തൊഴിലാളികളോട് പ്രശ്‌നങ്ങൾ ചോദിച്ചറിയാനോ തയ്യാറായില്ല.
ആറ് മാസത്തോളമായി പലർക്കും കൂലി കിട്ടിയിട്ട്. മാർച്ച് 31 മുതലുളള പൈസ കിട്ടിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. 100 ദിവസം ജോലി ചെയ്തവർക്ക് 1000 രൂപ ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും അതും ഇവർക്ക് ലഭിച്ചില്ല. 40 മുതൽ 100 ദിവസം വരെയുളള ശമ്പളം കൊടുക്കാനുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഒരു കോടി രൂപ പാസാക്കിയെന്നും അത് തൊഴിലാളികൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് ഭരണപക്ഷ കൗൺസിലർമാർ പറയുന്നത്. പ്രതിഷേധത്തിനിടെ ഭരണപക്ഷ കൗൺസിലർമാർ തൊഴിലാളികളെ അനുനയിപ്പിച്ച് പറഞ്ഞുവിടാൻ നോക്കിയെങ്കിലും ഇവർ വഴങ്ങിയില്ല.
ഫണ്ട് വന്നാൽ പണം എല്ലാവർക്കും നൽകുമെന്ന് ആയിരുന്നു കൗൺസിലർമാർക്ക് ആകെ പറയാൻ ഉണ്ടായിരുന്നത്. വാർഡ് കൗൺസിലർമാരോട് പരാതി പറഞ്ഞ് മടുത്തിട്ടാണ് നേരിട്ട് മേയറെ കാണാൻ എത്തിയതെന്നാണ് തൊഴിലാളികൾ പറയുന്നത്. വന്നതിൽ കൂടുതലും വിധവകളാണെന്നും പൈസ കിട്ടിയിട്ട് പല കാര്യങ്ങളുമുണ്ടെന്നുമൊക്കെ ഇവർ പറഞ്ഞെങ്കിലും മേയർ ഇവരെ പിന്നീട് നേരിട്ട് കാണാൻ കൂട്ടാക്കിയില്ല. ഞങ്ങളെ ഈ സ്ഥിതിയിലാക്കിയത് മേയർ ആണെന്നും മേയറോട് സംസാരിക്കണമെന്നും പറഞ്ഞ് ഇവരും ഉറച്ചുനിന്നു.
ചില ജീവനക്കാരും കൗൺസിലർമാരും തങ്ങളെ പ്രകോപിപ്പിച്ചതായും തൊഴിലാളികൾ പറയുന്നു. അങ്ങോട്ട് മാറിയിരി, മേയറോട് സംസാരിച്ചിട്ട് പറയാമെന്ന് ആയിരുന്നു ചിലരുടെ മറുപടി. പോയിട്ട് നാല് മണിക്ക് വരാൻ ആയിരുന്നു ചിലരുടെ ഉപദേശം. കോർപ്പറേഷൻ അധികൃതർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു. ഇതും സംഘർഷത്തിന് ഇടയാക്കിയിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ശമ്പളവും ബോണസും നൽകിയെന്ന് സംസ്ഥാന സർക്കാർ സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്നതിനിടെയാണ് ഇത്തരം പ്രതിഷേധങ്ങൾ ഉയരുന്നത്.
Discussion about this post