കൊല്ലം: മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവപ്പ് നടത്തിയ സംഭവത്തിൽ നടപടി. രണ്ട് നഴ്‌സുമാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.കൊല്ലം കുണ്ടറയിൽ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്‌സുമാരായ എസ്.ഷീബ, ഡി.ലൂർദ് എന്നിവരെയാണ് ജില്ല മെഡിക്കൽ ഓഫീസർ സസ്‌പെൻഡ് ചെയ്തത്.
വെള്ളിമൺ സ്വദേശികളായ വിഷ്ണുപ്രസാദിന്റെയും ശ്രീലക്ഷ്മിയുടെയും രണ്ടര മാസം പ്രായമായ കുഞ്ഞിനാണ് മരുന്ന് നിറയ്ക്കാതെ കുത്തിവെപ്പ് എടുത്തത്. പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അമ്മയും അമ്മൂമ്മയും ചേർന്നാണ് കുഞ്ഞിനെ കുത്തിവെപ്പിന് കൊണ്ടുവന്നത്.
മരുന്നു നിറയ്ക്കാതെ കുത്തിവെപ്പ് എടുക്കാൻ ശ്രമിക്കുന്നത് കണ്ട് ചോദിച്ചപ്പോൾ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു.കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിലാണ് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തത്. പേശിയിലെടുത്ത കുത്തിവെപ്പ് ആയതിനാൽ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Discussion about this post