ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനെന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച തെന്നിന്ത്യൻ താര സുന്ദരിയാണ് നയൻതാര. എന്നാൽ ജവാനിലെ തന്റെ നായികാ കഥാപാത്രത്തിൽ നയൻതാരയ്ക്ക് അതൃപ്തിയെന്നാണ് ഏറ്റവും അവസാനമായി പുറത്തു വരുന്ന റിപോർട്ടുകൾ. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ഈ ചിത്രം വെറും പതിമൂന്ന് ദിവസം കൊണ്ട് 900 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു.
നയന്‍താരയേക്കാള്‍ ദീപിക പദുക്കോണിനാണ് ജവാനില്‍ പ്രാധാന്യമുള്ളത്, ഇതിൽ നയൻതാര അസ്വസ്ഥയാണെന്നാണ് സൂചനകള്‍. ഷാരൂഖിന്റെ ഭാര്യയായാണ് സിനിമയില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇത് ഒരു ഷാരൂഖ്–ദീപിക സിനിമയാണ് എന്ന പ്രതീതീയാണ് കാഴ്ചയിൽ തോന്നുന്നത് എന്നാണ് നയൻതാരയുടെ പക്ഷം. ഇതോടെയാണ് സിനിമയില്‍ തന്റെ കഥാപാത്രത്തിന് നല്‍കിയ കുറഞ്ഞ പരിഗണനയിൽ നയൻതാര അസ്വസ്ഥയായത്.
ഷാരൂഖ് ഖാനൊപ്പം മുമ്പ് നിരവധി സിനിമകളിൽ ജോഡിയായി അഭിനയിച്ചിട്ടുള്ള ദീപിക പദുകോൺ ജവാനിൽ ഒരു നീണ്ട അതിഥി വേഷം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായികാ കഥാപാത്രം അല്ലാതിരുന്നിട്ടും ദീപികയുടെ റോൾ, സിനിമ കണ്ട് ഇറങ്ങിയ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.
ജവാനിലെ തന്റെ കഥാപാത്രത്തെ ഇങ്ങനെ ഒതുക്കിയതിനെ തുടര്‍ന്ന് ഇനി അടുത്തെങ്ങും ബോളിവുഡ് സിനിമകൾ നയൻതാര ചെയ്തേക്കില്ല എന്നും ഒരു സ്വകാര്യ മാദ്ധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജവാന്റെ പ്രമോഷനു മാത്രമല്ല വിജയാഘോഷ പരിപാടികളിലും നയന്‍താര പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുന്‍പുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് ഇത്തരം പ്രമോഷന്‍ പരിപാടികളുടെ ഭാഗമാവില്ലെന്ന നിലപാടാണ് താരം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാൽ, ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുന്നതോടെ തന്റെ ജോലി തീര്‍ന്നുവെന്ന നിലപാടാണ് പൊതുവെ താരം സ്വീകരിച്ചുപോന്നിട്ടുള്ളത്. അതിനാൽത്തന്നെ ശേഷമുള്ള പ്രമോഷണല്‍ പരിപാടികളിലൊന്നും നയൻതാര പങ്കെടുക്കാറും ഇല്ല. വളരെ ചുരുക്കം ചില സിനിമകളുടെ പ്രമോഷൻ പരിപാടികൾക്ക് മാത്രമാണ് താരം ഇതുവരെയും പങ്കെടുത്തിട്ടുള്ളൂ.
2003 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഡയാന മറിയം കുര്യൻ എന്ന നയൻതാര, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെക്ക് പുറമെ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Discussion about this post