ചെയ്ത തെറ്റുകൾക്കുള്ള പൂർണ പരിഹാരമല്ല ശിക്ഷയെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷ നൽകുകയെന്ന് ലോകത്താകമാനം നടപ്പിലാക്കിവരുന്ന സംഗതിയാണ്. ചെയ്ത് കൂട്ടിയ കുറ്റങ്ങൾക്കനുസരിച്ച് ശിക്ഷകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മനസ് മരവിപ്പിക്കുന്ന ശിക്ഷാമുറകൾ വരെ നിലവിലുണ്ട്.
അടുത്തിടെ തുർക്കി ഒരു ബിസിനസ്‌കാരന് നൽകിയ ശിക്ഷയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ടർക്കിഷ് ക്രിപ്‌റ്റോ സ്ഥാപകനായ തോഡക്‌സ് കമ്പനി മേധാവി ഫാറൂഖ് ഫാത്തിസ് ഓസറിന് ലഭിച്ച ശിക്ഷ കേട്ടാണ് ആളുകൾ അമ്പരക്കുന്നത്. ഇയാളെയും സഹോദരങ്ങളെയും 11,196 വർഷം വീതം തടവിനാണ് കോടതി ശിക്ഷിച്ചത്.
ഇത്രയധികം ശിക്ഷ ലഭിക്കാൻ ഇവർ ചെയ്ത കുറ്റമെന്താണ്? കള്ളപ്പണം വെളുപ്പിക്കൽ,വഞ്ചന,ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.ഹ്രസ്വവിചാരണയ്ക്ക് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. 2021 ഏപ്രിലിൽ 2 ബില്യൺ ഡോളർ വരുന്ന നിക്ഷേപവുമായി ഇയാൾ മുങ്ങിയത്രേ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇന്റർപോളിന്റെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന്റെ പിൻബലത്തിലാണ് ഇയാളെ അൽബേനിയയിൽ വച്ച് പിടികൂടിയത്.
സഹോദരങ്ങൾ ചേർന്ന് ക്രിപ്‌റ്റോ കറൻസി സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ ഇടപാടുകാർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് ക്രിപ്‌റ്റോ കറൻസിയുടെ വിശ്വാസത തകരുന്നതിന് കാരണമായി.













Discussion about this post