കൊല്ലം; കൊല്ലത്ത് മദ്യപാനികളെ കോള നൽകി പറ്റിച്ചയാൾ പിടിയിൽ. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതിൽ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. മദ്യകുപ്പിയിൽ കോള നിറച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്.നിരവധി പരാതികൾ ബിവറേജസിന്റെ മാനേജർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.ഓച്ചിറ പോലീസിന് കൈമാറിയ പ്രതിയെ പരാതിക്കാർ ഇല്ലാത്തതിനാൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാൻ വരുന്നവരെയാണ് ഇയാൾ കോള കുടുപ്പിക്കാറ്. മദ്യം വാങ്ങാൻ എത്തുന്നവരോട് തന്റെ കയ്യിൽ മദ്യം ഉണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയിൽ കോള നിറച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജിൽ വലിയ ക്യൂ ഉള്ളപ്പോഴും ബിവറേജ് അടയ്ക്കുന്നതിന് തൊട്ടുമുൻപുമാണ് ഇയാൾ ഇത്തരത്തിൽ മദ്യമാണെന്ന പേരിൽ കോളവിൽപ്പന നടത്തിയത്.
മദ്യം വാങ്ങിയവർ കഴിക്കാനായി എടുത്ത് രുചിച്ചു നോക്കുമ്പോഴാണ് പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം ഇയാൾ കോള നിറച്ച മദ്യകുപ്പിയുമായി വീണ്ടും തട്ടിപ്പ് തുടരാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
Discussion about this post