ചെന്നൈ: വിവാഹം സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി സായ് പല്ലവി. പ്രചരിക്കുന്ന ചിത്രം സിനിമയുടെ പൂജാ വേളയിൽ എടുത്തത് ആണെന്നും, ഇതാണ് ദുരുദ്ദേശത്തോടെ ഇപ്പോൾ പ്രചരിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. ചിത്രം മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ സ്ഥാനം പിടിച്ചതോടെ ഫേസ്ബുക്കിലൂടെയായിരുന്നു സായ് പല്ലവി സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് എത്തിയത്.
സംവിധായകൻ രാജ്കുമാർ പെരിയ സ്വാമിയ്‌ക്കൊപ്പം കഴുത്തിൽ മാലയിട്ട് നിൽക്കുന്ന നടിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു ഈ ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് വാർത്തകൾ. ദിവസങ്ങളായി ഇതേക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകളും സജീവമാണ്. ഇതിനിടെയാണ് യഥാർത്ഥ ചിത്രങ്ങൾ സഹിതം പങ്കുവച്ചുകൊണ്ട് സായ് പല്ലവി പ്രതികരിച്ചത്.
വ്യാജ വാർത്തകളും കിംവദന്തികളുമൊന്നും താൻ കാര്യമായി എടുക്കാത്ത ആളാണെന്ന് സായ് പല്ലവി വ്യക്തമാക്കി. എന്നാൽ ഇതിൽ കുടുംബാംഗങ്ങളായ സുഹൃത്തുക്കൾ കൂടി ഉൾപ്പെടുമ്പോൾ പ്രതികരിക്കാതിരിക്കാൻ വയ്യ. പുതിയ സിനിമയുടെ പൂജാ വേളയിൽ എടുത്ത ചിത്രങ്ങൾ ക്രോപ്പ് ചെയ്ത് മനപ്പൂർവ്വം ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ്. തന്റെ ജോലിയുമായി ബന്ധപ്പെട്ട് സന്തോഷകരമായ നിരവധികാര്യങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ഇതിനിടെ ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകുക എന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ ആളുകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണെന്നും സായ്പല്ലവി ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post