മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയ്ക്ക് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേയിൽ നിന്നും സ്ഥിരീകരണം ലഭിച്ചതായി ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി.
രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിനാണ് സ്റ്റോപ് അനുവദിച്ചത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അതിനാൽ ഇത് പരിഗണിച്ച് ജില്ലയിൽ ഒരു സ്റ്റോപ്പ് എങ്കിലും അനുവദിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതും ജില്ലയിലെ യാത്രക്കാരുടെ ദുരിതവും പരിഗണിച്ചാണ് റെയിൽവേ സ്റ്റോപ്പ് അനുവദിച്ചത്. തിരൂരിൽ തീവണ്ടി എത്തുന്ന സമയം പിന്നീട് അറിയിക്കും. ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് വന്നത് മുതൽ തന്നെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഞായറാഴ്ച മുതലാണ് രണ്ടാം വന്ദേഭാരത് സർവ്വീസ് ആരംഭിക്കുക. കാസർകോട് നിന്നും ആരംഭിക്കുന്ന സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓൺലൈൻ വഴിയാകും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യുക.
Discussion about this post