ഗ്രാഫോളജി എന്നത് ഒരു വ്യക്തിയുടെ കൈയക്ഷരത്തിന്റെയും ഒപ്പിന്റെയും അടിസ്ഥാനത്തിൽ അവരുടെ വ്യക്തിത്വ സവിശേഷതകളും സ്വഭാവവും വിശകലനം ചെയ്യുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള കലയും ശാസ്ത്രവുമാണ്.
ഗ്രാഫോളജി വിദഗ്ധർക്ക് നിങ്ങളുടെ കയ്യക്ഷരം നോക്കി 5,000-ലധികം വ്യക്തിത്വ സവിശേഷതകൾ കണ്ടെത്താൻ കഴിയുമെന്നാണ് പറയുന്നത്. ഉദാഹരണത്തിന് വലിപ്പമുള്ള അക്ഷരങ്ങളിൽ എഴുതുന്ന ആളുകൾ വ്യക്തികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആഗ്രഹിക്കുന്നവരുമായിരിക്കും. അതേസമയം ചെറിയ അക്ഷരങ്ങളിൽ എഴുതുന്നവർ അന്തർമുഖരും ഏകാഗ്രതയുള്ളവരും ആയിരിക്കുമെന്നാണ് ഗ്രാഫോളജി പറയുന്നത്.
1871-ൽ ജീൻ-ഹിപ്പോലൈറ്റ് മൈക്കോൺ ആണ് ഗ്രാഫോളജിയെക്കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ നടത്തുന്നതും അതൊരു ശാസ്ത്ര ശാഖയായി സ്ഥാപിക്കുന്നതും. 300 വ്യത്യസ്ത തരത്തിലുള്ള കൈയക്ഷര സവിശേഷതകൾ ഉണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. യൂറോപ്പിലും ഫ്രാൻസിലുമെല്ലാം വളരെ കാര്യമായിത്തന്നെ ഗ്രാഫോളജിയെ പരിഗണിക്കുന്നുണ്ട്. ഇവിടെ പല കോർപ്പറേറ്റ് സ്ഥാപനങ്ങളും ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനായി അവരുടെ കൈയ്യക്ഷരം വിലയിരുത്തി വ്യക്തിത്വം മനസ്സിലാക്കുന്നു.
നേരിയ വലത് ചരിവോടെ എഴുതുന്നവർ സൗഹൃദപരമായ വ്യക്തികളും ആവേശഭരിതരുമാണെന്ന് ഗ്രാഫോളജി വ്യക്തമാക്കുന്നു. ഇടത് ചരിവ് അർത്ഥമാക്കുന്നത് നിങ്ങൾ സ്വകാര്യതയിലും സുരക്ഷിതത്വത്തിലും വിശ്വസിക്കുന്നവരാണ് എന്നാണ് . കനത്ത സമ്മർദത്തോടെയുള്ള കൈയക്ഷരം സൂചിപ്പിക്കുന്നത് ശക്തമായ വികാരങ്ങളുള്ളവരും വേഗത്തിൽ പ്രതികരിക്കുന്നവരാണെന്നുമാണ്. എന്നാൽ നേരിയ മർദ്ദം സൂചിപ്പിക്കുന്നത് മാറ്റങ്ങളെ എളുപ്പത്തിൽ ഉൾക്കൊള്ളുന്നവരാണ് എന്നാണ്. ഇത്തരത്തിൽ ഗ്രാഫോളജിയെക്കുറിച്ചുള്ള അറിവ് വഴി ആളുകളെ മനസ്സിലാക്കുന്നത് ഒരാളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വലിയ സ്വാധീനവും മാറ്റവും ഉണ്ടാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
Discussion about this post