ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് നീക്കും. മുഖ്യമന്ത്രി എൻ ബിരേൺ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഏതാനും മണിക്കൂറിൽ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നീണ്ട അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നത്.
കുക്കി- മെയ്ദി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. മൊബൈൽ ഇന്റർനെറ്റ്, ബ്രോഡ് ബാൻഡ് സേവനങ്ങളാണ് നിർത്തിവച്ചത്. സംഘർഷങ്ങൾ നിയന്ത്രണ വിധേയം ആക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ആദ്യം അഞ്ച് ദിവസത്തേക്ക് ആയിരുന്നു സേവനങ്ങൾ നിർത്തിവച്ചത്. എന്നാൽ പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആകാതിരുന്നതോടെ വിലക്ക് നീട്ടുകയായിരുന്നു.
നിരന്തര പരിശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ക്രമസമാധാനം പുന:സ്ഥാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്റർനൈറ്റ് സേവനം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. നേരത്തെ ഇന്റർനെറ്റ് സേവനം ആരംഭിക്കാൻ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
Discussion about this post